എറണാകുളം : കൊച്ചിയിൽ ലോഡ്‌ജിൽ വച്ച് ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുക. കുഞ്ഞിന്‍റെ അമ്മ ചേർത്തല സ്വദേശി അശ്വതി (25), സുഹൃത്ത് കണ്ണൂർ മൗവഞ്ചേരി സ്വദേശി ഷാനിഫ് (25) എന്നിവരുടെ അറസ്റ്റ് എളമക്കര പൊലീസ് ചൊവ്വാഴ്‌ച (ഡിസംബര്‍ 5) രാത്രിയാണ് രേഖപ്പെടുത്തിയത്.
ഉച്ചയോടെ കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകും. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ കൊലപാതകം, ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തത്. കുഞ്ഞിന്‍റെ കൊലപാതകത്തിൽ രണ്ട് പ്രതികൾക്കും വ്യക്തമായ പങ്കുള്ളതായി പൊലീസ് അറിയിച്ചു (infant killed by mother and her boyfriend Kochi).
കുഞ്ഞിന്‍റെ മരണം ഉറപ്പിക്കാനായി പ്രതികൾ വിവിധ രീതിയിലാണ് പരിശോധന നടത്തിയത്. കുഞ്ഞ് മരണപ്പെട്ടാൽ ശരീരം നീല നിറമാകുമോയെന്ന് പ്രതി ഷാനിഫ് ഗൂഗിളിൽ തെരഞ്ഞതായി മൊബൈൽ ഫോൺ പരിശോധനയിൽ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ജീവനുണ്ടോയെന്ന് അറിയാനാണ് പ്രതി കുഞ്ഞിനെ കടിച്ചു നോക്കിയത്. കടിച്ചത് ആരെന്ന് ശാസ്ത്രീയമായി തെളിയിക്കാനായി ഡെന്‍റൽ കാസ്റ്റിങ് പരിശോധന നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
സംസ്ഥാനത്ത് അപൂർവമായാണ് പല്ല് അടയാള പരിധോനകൾ കേസിന്‍റെ ഭാഗമായി നടത്തിയിട്ടുള്ളത്. കുഞ്ഞ് കട്ടിലിൽ നിന്ന് നിലത്ത് വീണ് മരിച്ചുവെന്ന് വരുത്താനാണ് പ്രതി മുട്ടുകാൽ കൊണ്ട് തലയുടെ പിൻഭാഗത്ത് ഇടിച്ചത്. കുഞ്ഞിനോട് കാണിച്ച ക്രൂരത പ്രതി ഷാനിഫ് പൊലീസുകാർക്ക് മുമ്പിൽ വിശദീകരിച്ചു (mother and boyfriend killed one and half moth old child).
തലയോട്ടിയിൽ സംഭവിച്ച ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ആസൂത്രിതമായാണ് പിഞ്ചുകുഞ്ഞിനെ പ്രതികൾ കൊലപ്പെടുത്തിയതെന്ന് പൊലീസിന് പ്രാഥമിക ചോദ്യം ചെയലിൽ തന്നെ വ്യക്തമായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ അമ്മയുട സുഹൃത്തായ ഷാനിഫ് കുറ്റസമ്മതം നടത്തിയിരുന്നു.
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ അശ്വതിയും ഷാനിഫും ഒരുമിച്ച് കഴിയുകയായിരുന്നു. വിവാഹിതയായിരുന്ന അശ്വതിയുടെ കുഞ്ഞിനെ ഇല്ലാതാക്കാൻ ഷാനിഫ് തീരുമാനിക്കുകയായിരുന്നു. ഇതേ കുറിച്ച് അറിവുണ്ടായിരുന്ന അശ്വതി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താൻ കൂട്ടുനിൽക്കുകയായിരുന്നു എന്നാണ് പൊലീസ് ആരോപിക്കുന്നത്.
തങ്ങളുടെ ഭാവി ജീവിതത്തിന് കുഞ്ഞ് ഇല്ലാതാകേണ്ടത് അനിവാര്യമാണെന്ന് ഷാനിഫ് അശ്വതിയെ ധരിപ്പിച്ചിരുന്നു. നിരന്തരം ചെറിയ മുറിവുകൾ ഏൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ചെറിയ മുറിവുകൾ വരുത്തിയാൽ ന്യൂമോണിയ ബാധയുണ്ടാകുമെന്നും, ചികിത്സയിലിരിക്കെ മരിച്ചാൽ കൊലപാതകമെന്ന് വ്യക്തമാകില്ലെന്നും പ്രതി കണക്കു കൂട്ടി. കുഞ്ഞിൻ്റെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ടാക്കിയിരുന്നു.
ജനിച്ചതുമുതൽ കുഞ്ഞിനോടുള്ള ക്രൂരതകൾ തുടങ്ങിയിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അമ്മയും സുഹൃത്തും കൊച്ചിയിൽ മുറിയെടുത്തത്. ഞായറാഴ്‌ച പുലർച്ചെ കാൽമുട്ട് കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. രാവിടെ എഴുന്നേറ്റ വേളയിൽ കുഞ്ഞിന് അനക്കമില്ലന്ന് പറഞ്ഞായിരുന്നു അമ്മയും സുഹൃത്തും ചേർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്.
ഞായറാഴ്‌ച രാവിലെ എട്ടര മണിയോടെയാണ് കുഞ്ഞിനെ ജനറൻ ആശുപത്രിയിലെത്തിച്ചത്. സംശയത്തെ തുടർന്ന് ആശുപത്രി അധികൃതർ വിവരമറിയിച്ചതോടെ എളമക്കര പൊലീസ് അന്വേഷണം തുടങ്ങി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കുഞ്ഞിന്‍റെ അമ്മ അശ്വതിയേയും സുഹൃത്ത് ഷാനിഫിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഈ മാസം ഒന്നാം തീയതിയാണ് ഇവർ കുഞ്ഞുമായി കലൂർ കറുകപ്പള്ളിയിലെ ലോഡ്‌ജിൽ മുറിയെടുത്തത്.