എറണാകുളം : ആലുവ തുരുത്തിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന വിത്തുത്പാദന തോട്ടം (കേരള സ്റ്റേറ്റ് സീഡ് ഫാം) ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്. ഈ അംഗീകാരം കരസ്ഥമാക്കുന്ന രാജ്യത്തെ ആദ്യ വിത്തുത്പാദന കേന്ദ്രം കൂടിയാണിത്. ഡിസംബർ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കാർബൺ ന്യൂട്രൽ ഫാമിന്‍റെ പ്രഖ്യാപനം നടത്തും.
1919ൽ രാജഭരണ കാലത്ത് കൃഷി പാഠശാലയെന്ന നിലയിൽ ഇവിടെ കരിമ്പ് കൃഷി ആരംഭിച്ചിരുന്നു. പിന്നീട്, ജനകീയ സർക്കാർ നിലവിൽ വന്നതോടെയാണ് ഇത് വിത്തുത്പാദന കേന്ദ്രമാക്കി മാറ്റിയത്. സംയോജിത കൃഷിരീതി പിന്തുടരുന്ന വിത്തുത്പാദന കേന്ദ്രത്തിൽ കഴിഞ്ഞ പത്ത് വർഷമായി ജൈവ വളങ്ങൾ മാത്രമാണ് ഉപയോഗിച്ചുവരുന്നത്. രാസവളങ്ങളും കീടനാശിനികളും പൂർണമായും ഒഴിവാക്കുകയും ചെയ്‌തു.
വിത്തുത്പാദനത്തിനായുള്ള നെൽകൃഷി, കാസർകോഡ് കുള്ളൻ പശുക്കൾ, കുട്ടനാടൻ താറാവ്, കോഴികൾ, മലബാറി ആടുകൾ, മത്സ്യ കൃഷി തുടങ്ങിയവ സംയോജിപ്പിച്ച് വിജയകരമായി ജൈവ കൃഷി എങ്ങനെ ചെയ്യാമെന്നതിന്‍റെ മാതൃകയായ ഒരു കൃഷി പാഠശാല കൂടിയാണ് ആലുവ വിത്തുത്പാദന കേന്ദ്രം.
രാജ്യത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രൽ ഫാം എന്ന നേട്ടം ആലുവ വിത്തുത്പാദന തോട്ടത്തിന് ; പ്രഖ്യാപനം ഡിസംബര്‍ 10ന് എന്താണ് കാർബൺ ന്യൂട്രൽ ഫാം ? : ഒരു തോട്ടത്തിൽ നിന്നും പുറത്തേക്ക് വിടുന്ന കർബൺഡൈ ഓക്സൈഡിന്‍റെ അളവും, അവിടെ സ്വീകരിക്കപ്പെടുന്ന കാർബൺ വാതകത്തിന്‍റെ അളവും തുല്യമാകുമ്പോഴാണ് കാർബൺ ന്യൂട്രൽ എന്ന വിശേഷണത്തിന് അർഹത നേടുക. ജൈവ കൃഷി രീതിയിലൂടെ മാത്രം ഈ നേട്ടം കൈവരിക്കാൻ കഴിയില്ല.
പുറത്തേക്ക് വിടുന്ന കാർബൺ വാതകത്തിന്‍റെ അളവ് കുറച്ച് കൊണ്ടുവരാനുള്ള നിരവധി ശാസ്‌ത്രീയമായ മാർഗങ്ങൾ പിന്തുടരേണ്ടതുണ്ട്. കൃഷി വകുപ്പിന്‍റെ നിർദേശപ്രകാരം കേരള കാർഷിക സർവകലാശാല നടത്തിയ രണ്ട് മാസം നീണ്ടുനിന്ന പരിശോധനകൾക്കും പഠനങ്ങൾക്കും ശേഷമാണ് ആലുവ വിത്തുത്പാദന തോട്ടം കാർബൺ ന്യൂട്രൽ പദവി കൈവരിച്ചതായി കണ്ടെത്തിയത്. അതോടൊപ്പം, നിലവിൽ കാർബൺ നെഗറ്റീവ് എന്ന വിശേഷണത്തിന് കൂടി ഈ തോട്ടം അർഹത നേടിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആലുവ കേന്ദ്രത്തിലെ കൃഷി അസിസ്റ്റന്‍റ് ഡയറക്‌ടര്‍ ലിസിമോൾ ജെ. വടക്കോട്ട് പറഞ്ഞു.
ഉയർന്ന വിളവ് നൽകുന്ന നെല്ലാണ് ഈ ഫാമിലെ പ്രധാന വിള, ഞവര, രക്തശാലി, ജപ്പാൻ വയലറ്റ്, ചോട്ടാടി, വടക്കൻ വെള്ളരി കൈമ, പൊക്കാളി, മാജിക് റൈസ് എന്ന് അറിയപ്പെടുന്ന ആസാമിലെ കുമോൾ സോൾ എന്നിവയുൾപ്പടെ വിവിധയിനം കൃഷി ചെയ്യുന്നു. നെൽ പാടങ്ങളിൽ നിന്നുള്ള കാർബൺ ബഹിർഗമനം ഒഴിവാക്കുന്നതിനായി പാടങ്ങളിൽ താറാവിനെ ഉപയോഗിക്കുന്ന ഡെക്ക് റൈസ് ഫാമിംഗും ഇവിടെ വിജയകരമായി നടത്തുകയാണ്. ജൈവ വളങ്ങൾക്കും, ജൈവ കീടനാശിനികൾക്കും വേണ്ടിയാണ് വിത്തുത്പാദന കേന്ദ്രത്തിൽ പശുക്കളെ വളർത്തുന്നത്.
ഇതിന് പുറമെ, ആട്, കോഴി, മത്സ്യം, മണ്ണിര കമ്പോസ്റ്റ്, അസോള എന്നിവയുടെ കൃഷിയും മാലിന്യം കുറയ്ക്കാൻ സഹായിക്കുന്നു. കാർഷികാവശിഷ്‌ടങ്ങളെ കമ്പോസ്റ്റാക്കി മാറ്റുന്നത് ചാണകം പോലെ വയലുകൾക്ക് വളം നൽകുന്നു. ഫാമിലെ താറാവുകളും കോഴികളും കീടങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഫാമിന് ആവശ്യമായ വൈദ്യുതി ഉത്പാദനം ഇങ്ങനെ : ഫാമിന് മേൽക്കൂരയിൽ സ്ഥാപിച്ച സോളാർ പാനലുകൾ വഴി ലഭിക്കുന്ന വൈദ്യുതിയിലാണ് വിത്തുത്പാദന കേന്ദ്രത്തിന്‍റെ കാര്യാലയം പ്രവർത്തിക്കുന്നത്. കൂടുതൽ സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുത സ്വയം പര്യാപ്‌തത നേടാനുള്ള പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കും. ചോളം, കപ്പ, റാഗി, ചിയ, എള്ള്, പപ്പായ,തക്കാളി, കാപ്‌സിക്കം, കാബേജ്, വഴുതന, പയർ, എന്നിവയും പശുക്കൾക്കുള്ള തീറ്റപ്പുല്ലും ഇവിടെ കൃഷി ചെയ്‌ത് വരുന്നു.
കൃഷി അസിസ്റ്റന്‍റ് ഡയറക്‌ടര്‍ ലിസിമോൾ ജെ. വടക്കോട്ടിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും കർഷകരും ഒറ്റ മനസോടെ പ്രവർത്തിക്കുന്നതും ഈ സ്ഥാപനത്തിന്‍റെ മികവ് രാജ്യാന്തര ശ്രദ്ധയിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പെരിയാറിന്‍റെ തീരത്ത് തുരുത്തിൽ സ്ഥിതി ചെയ്യുന്ന പതിനാല് ഏക്കറോളം വ്യാപിച്ച് കിടക്കുന്ന വിത്തുത്പാദന കേന്ദ്രത്തിലെത്താൻ ബോട്ടിനെ ആശ്രയിക്കണം. ആലുവ പാലസിലെ ബോട്ട് ജെട്ടിയിൽ നിന്നും ഫാമിന്‍റെ ബോട്ടിലാണ് ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും വിത്തുത്പാദന കേന്ദ്രത്തിലെത്തുന്നത്.
രാജകീയ പ്രൗഢിയോടെയുള്ള കമാനം കടന്ന് തുരുത്തിലേക്ക് എത്തുന്നവരെ സ്വാഗതം ചെയ്യുന്നത് കണ്ണിന് കുളിർമയേകുന്ന പച്ചപ്പും ശുദ്ധമായ വായുവുമാണ്. വിത്തുത്പാദന തോട്ടത്തിന്‍റെ കാര്യാലയത്തിന് പുറമെ കൃഷി പരിശീലനത്തിനായുള്ള ഒരു കേന്ദ്രവും ഇവിടെയുണ്ട്. അതേസമയം, കൃഷിയെ അടുത്തറിയാൻ കഴിയുന്ന നല്ലൊരു വിനോദ സഞ്ചാര കേന്ദ്രമാക്കി ആലുവ സീഡ് ഫാമിനെ മാറ്റിയെടുക്കാൻ കഴിയുമെന്നതിൽ സംശയമില്ല.