എറണാകുളത്തെ സ്വാതന്ത്ര്യ ദിനാഘോഷം എറണാകുളം : മതേതരത്വ ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്‍റെ വളര്‍ച്ചയില്‍ പങ്കാളികളാകണമെന്ന് മന്ത്രി കെ. രാധാകൃഷ്‌ണന്‍. നമ്മൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ എല്ലാ അർഥത്തിലും അതിന് കഴിയാത്തവർ നമ്മുടെ രാജ്യത്തുണ്ടെന്ന് തിരിച്ചറിയണം. കാക്കനാട് കലക്‌ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ നടന്ന എറണാകുളം ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച് 77-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയില്‍ രാജ്യം ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചു കഴിഞ്ഞു. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ദേശീയ നേതാക്കള്‍ നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് മതേതരത്വ ജനാധിപത്യ രാജ്യമാക്കാന്‍ തീരുമാനിച്ചത്. വൈവിധ്യമായ ജാതി, മത, ഭാഷ സംസ്‌കാരങ്ങള്‍, മതേതരത്വ, ജനാധിപത്യ, സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ടാണ് ഭരണഘടന രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
വ്യത്യസ്‌ത ജാതി മത സംസ്‌കാരത്തില്‍ ജീവിക്കുന്നവര്‍ ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന സാഹചര്യം തുടരണം. എല്ലാവരുടെയും വിശ്വാസ പ്രമാണങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കണം. സ്വാതന്ത്ര്യവും ജനാധിപത്യവും എല്ലാ മനുഷ്യരുടെയും അവകാശമാണ്. എല്ലാ ഇന്ത്യക്കാരും ഇതിനായി ഒന്നിച്ചുനില്‍ക്കണം. 77-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ നേടിയെടുത്ത സ്വാതന്ത്ര്യം നഷ്‌ടപ്പെടാതെ കരുതലോടെ മുന്നോട്ടുപോകണമെന്നും മന്ത്രി പറഞ്ഞു.
ദേശീയ പതാക ഉയര്‍ത്തിയ മന്ത്രി പരേഡിനെ അഭിവാദ്യം ചെയ്‌തു. തുടര്‍ന്ന് വിവിധ പ്ലാറ്റൂണുകളുടെ മാര്‍ച്ച് പാസ്റ്റില്‍ മന്ത്രി അഭിവാദ്യം സ്വീകരിച്ചു. ജില്ല കളക്‌ടര്‍ എന്‍ എസ് കെ ഉമേഷ്, സിറ്റി പൊലീസ് കമ്മിഷണര്‍ എ. അക്ബര്‍ എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്‌തു.
30 പ്ലാറ്റൂണുകളും മൂന്ന് ബാൻഡ് സംഘവുമാണ് പരേഡില്‍ അണിനിരന്നത്. ഡിഎച്ച്‌ക്യൂ ക്യാമ്പ് കൊച്ചി സിറ്റി, എറണാകുളം റൂറല്‍ ലോക്കല്‍ പൊലീസ്, കൊച്ചി സിറ്റി ലോക്കല്‍ പൊലീസ്, എറണാകുളം റൂറല്‍ വനിത പൊലീസ്, കൊച്ചി സിറ്റി ലോക്കല്‍ വനിത പൊലീസ്, കേരള ആംഡ് പ്ലാറ്റൂണ്‍ തൃപ്പുണിത്തുറ ബറ്റാലിയന്‍, എക്സൈസ്, സീ കേഡറ്റ്‌സ് കോപ്‌സ് (സീനിയര്‍), 21 കേരള ബിഎന്‍സിസി തുടങ്ങി ആയുധങ്ങളോടെയുള്ള ഒമ്പത് പ്ലാറ്റൂണുകളും ഫയര്‍ ഫോഴ്‌സ്, ടീം കേരള, കേരള സിവില്‍ ഡിഫന്‍സ്, വിവിധ സ്‌കൂളുകളിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്‌സ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, റെഡ് ക്രോസ് തുടങ്ങി നിരായുധ 18 പ്ലാറ്റൂണുകളുമാണ് പരേഡില്‍ പങ്കെടുത്തത്.
സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും മുന്‍ സൈനികര്‍ക്കും ആശ്രിതര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന വിവിധ ധനസഹായ പദ്ധതികള്‍ക്കായി സ്വരൂപിക്കുന്ന സായുധ സേന പതാകദിന നിധിയിലേക്ക് ജില്ല അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ തുക സംഭരിച്ച സ്ഥാപനങ്ങള്‍ക്കും മികച്ച പ്ലാറ്റുണുകള്‍ക്കും, ബാന്‍ഡ് എന്നിവ അവതരിപ്പിച്ചവര്‍ക്കുമുള്ള പുരസ്‌കാര വിതരണവും മന്ത്രി കെ. രാധാകൃഷ്‌ണന്‍ നിര്‍വഹിച്ചു. പരേഡ് കമാൻഡർ മോഹിത് റാവത്ത് പരേഡിന് നേതൃത്വം നൽകി.
ALSO READ:Independence day 2023| 'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ'; മുഖ്യമന്ത്രി പിണറായി വിജയൻ