കേരളം

kerala

By

Published : Jun 22, 2023, 3:03 PM IST

Updated : Jun 22, 2023, 7:42 PM IST

ETV Bharat / state

Kerala youtubers | 'കോടികള്‍ ലഭിച്ചിട്ടും ടാക്‌സ് അടയ്‌ക്കുന്നില്ല'; പേര്‍ളി മാണി ഉള്‍പ്പടെയുള്ള യൂട്യൂബർമാരുടെ വീടുകളില്‍ റെയ്‌ഡ്

പേര്‍ളി മാണി, സെബിൻ, സജു മുഹമ്മദ് തുടങ്ങിയ യൂട്യൂബർമാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് പരിശോധന

Etv Bharat
Etv Bharat

എറണാകുളം:സംസ്ഥാനത്തെ പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫിസുകളിലും ആദായനികുതി വകുപ്പ് റെയ്‌ഡ്. ഇന്ന് രാവിലെ മുതൽ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. നിയമാനുസൃതമായി യൂട്യൂബർമാർ ആദായനികുതി അടയ്‌ക്കുന്നില്ലെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

യൂട്യൂബർമാരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള രേഖകളാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇതില്‍ ക്രമക്കേടുകൾ കണ്ടെത്തിയാൽ ഇവർക്ക് നോട്ടിസ് നൽകിയായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. നിയമാനുസൃതം ഇവർ അടയ്‌ക്കേണ്ട ആദായ നികുതി പിഴയടക്കം അടച്ചുതീർത്ത് തുടർ നിയമ നടപടികളിൽ നിന്ന് ഒഴിവാക്കാനും കഴിയും. നടിയും അവതാരകയുമായ പേര്‍ളി മാണി, സെബിൻ, സജു മുഹമ്മദ് അടക്കമുള്ള 10 യൂട്യൂബർമാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് മിന്നൽ പരിശോധന.

ഒരുകോടി രൂപ മുതൽ രണ്ടുകോടി രൂപ വരെ വാർഷിക വരുമാനമുള്ള യൂട്യൂബർമാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് പരിശോധനയെന്നാണ് ലഭ്യമായ വിവരം. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയെ തുടർന്നാണ് ആദായനികുതി വകുപ്പിന്‍റെ പരിശോധനയെന്നാണ് സൂചന. കേരളത്തിലെ പ്രമുഖ യൂട്യൂബർമാരിൽ പലർക്കും കോടികളുടെ വരുമാനമാണുള്ളത് എന്നാൽ, ഈ വരുമാനത്തിനനുസരിച്ച് നികുതി നൽകുന്നില്ലെന്നാണ് ആദായ നികുതി വകുപ്പിന്‍റെ വിലയിരുത്തൽ.

നിർമാതാക്കളുടെ വീടുകളില്‍​ റെയ്‌ഡ് : ​നേരത്തെ സമാനമായ രീതിയിൽ കേരളത്തിലെ പ്രശസ്‌ത സിനിമ താരങ്ങളുടെ വീടുകളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന്,
നടന്‍ മോഹന്‍ലാലിന്‍റെ മൊഴിയും ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. മലയാള സിനിമ നിർമാതാക്കളുടെ വീടുകളിലും ഓഫിസുകളിലും ഇൻകം ടാക്‌സ്​ വിഭാഗം ​റെയ്​ഡ്​ നടത്തിയിരുന്നു. നിർമാതാക്കളായ ആന്‍റണി പെരുമ്പാവൂർ, ആന്‍റോ ജോസഫ്​, ലിസ്‌റ്റിൻ സ്‌റ്റീഫൻ, നടനും നിർമാതാവുമായ പൃഥ്വിരാജ്​ എന്നിവരുടെ വീടുകളിലാണ്​ പരിശോധന നടന്നത്​.

ആന്‍റണി പെരുമ്പാവൂരിന്‍റെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലുമാണ്​ അന്ന് റെയ്‌ഡ് നടന്നത്. വിവിധ ഡിജിറ്റൽ രേഖകളും, പണമിടപാട്​ രേഖകളും മറ്റും അന്ന് സംഘം പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്‌തിരുന്നു. ഇതിന് മുന്‍പ് 2011ൽ മോഹൻലാലിന്‍റേയും മമ്മൂട്ടിയുടേയും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഒരു പതിറ്റാണ്ടിന് ശേഷമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ സമാനമായ പരിശോധന വ്യാപകമായി തുടങ്ങിയത്.

പൊന്നിയിൻ സെൽവൻ നിര്‍മാതാക്കളുടെ ഓഫിസിലും റെയ്‌ഡ് :ചെന്നൈയിലെ ലൈക്ക പ്രൊഡക്ഷൻസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നേരത്തേ പരിശോധന നടത്തിയിരുന്നു. ചെന്നൈയിലെ ഓഫിസിലടക്കം 10 ഇടങ്ങളിലാണ് റെയ്‌ഡുണ്ടായത്. അമീറ പ്യുവർ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കരൺ എ ചനാന എന്നിവയുമായി ബന്ധപ്പെട്ട് ഡൽഹിയിലേയും ഗുരുഗ്രാമിലേയും 21 സ്ഥലങ്ങളിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരമുള്ള വകുപ്പുകൾ അനുസരിച്ച് പരിശോധന നടത്തിയതായി ഇഡി നേരത്തെ അറിയിച്ചിരുന്നു.

മെയ് രണ്ടിന് ഇഡി നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 1.01 കോടി രൂപയും, അനധികൃത സ്വത്തുക്കളുടെ വിവിധ രേഖകളടക്കമുള്ള തെളിവുകളും പിടിച്ചെടുത്തിരുന്നു. കരൺ എ ചനാനയ്‌ക്കും അദ്ദേഹത്തിന്‍റെ ബന്ധുക്കളായ അമീറ പ്യുവർ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെ സിബിഐ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിന്‍റെ അടിസ്ഥാനത്തിലാണ് കുറ്റാരോപിത സ്ഥാപനങ്ങൾക്കെതിരായ നടപടിയെന്ന് ഇഡി അധികൃതര്‍ അറിയിച്ചിരുന്നു. പിന്നാലെയാണ്, മെയ്‌ 16ന് പൊന്നിയിൻ സെൽവൻ നിര്‍മാതാക്കളുടെ ഓഫിസിലും റെയ്‌ഡ് നടന്നത്.

Last Updated : Jun 22, 2023, 7:42 PM IST

ABOUT THE AUTHOR

...view details