എറണാകുളം:യൂട്യൂബർമാർക്കെതിരായ ആദായ നികുതി വകുപ്പ് അന്വേഷണത്തിൽ വൻ ക്രമക്കേട് കണ്ടെത്തി. 25 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. ഭൂരിഭാഗം പേരും രണ്ടു കോടിയിലധികം രൂപ ആദായ നികുതിയായി നൽകാനുണ്ട്.
എന്നാൽ ഇതിൽ തീരെ നികുതി അടയ്ക്കാത്തവരാണ് അധികവുമെന്നാണ് സൂചന. സംസ്ഥാനത്തെ പ്രമുഖ 13 യൂട്യൂബർമാരുടെ വീടുകളിലും ഓഫിസുകളിലും ആദായനികുതി വകുപ്പ് ഇന്നലെയാണ് റെയ്ഡ് നടത്തിയത്. നിയമാനുസൃതമായി യൂട്യൂബർമാർ ആദായനികുതി അടക്കുന്നില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
യൂട്യൂബർമാരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള രേഖകളാണ് പ്രധാനമായും പരിശോധിച്ചത്. ഈ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതോടെ ഇവർക്ക് നോട്ടിസ് നൽകിയായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. നിയമാനുസൃതം ഇവർ അടയ്ക്കേണ്ട ആദായ നികുതി പിഴയടക്കം അടച്ചുതീർത്ത് തുടർ നിയമ നടപടികളിൽ നിന്ന് ഒഴിവാകാനും കഴിയും. നടിയും അവതാരകയുമായ പേളി മാണി (Pearle Maaney), സെബിൻ (Sebin), സജു മുഹമ്മദ് (Saju Muhammed) അടക്കമുള്ള 13 യൂട്യൂബർമാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. ഒരുകോടി രൂപ മുതൽ രണ്ടുകോടി രൂപ വരെ വാർഷിക വരുമാനമുള്ള യുട്യൂബർമാരുടെ വീടുകളിലായിരുന്നു ആദായനികുതി വകുപ്പ് പരിശോധന. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയെ തുടർന്നായിരുന്നു ആദായനികുതി വകുപ്പിന്റെ പരിശോധന.
കേരളത്തിലെ പ്രമുഖ യൂട്യൂബർമാരിൽ പലർക്കും കോടികളുടെ വരുമാനമാണുള്ളത്, എന്നാൽ ഈ വരുമാനത്തിനനുസരിച്ച് നികുതി നൽകുന്നില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ വിലയിരുത്തൽ. നേരത്തെ സമാനമായ രീതിയിൽ കേരളത്തിലെ പ്രശസ്ത സിനിമ താരങ്ങളുടെ വീടുകളിലും ആദായ നികുതി വകുപ്പ് പരിശോധനകൾ നടത്തിയിരുന്നു.