എറണാകുളം:മോൻസൺ മാവുങ്കൽ (Monson Mavunkal) പ്രതിയായ പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ മൂന്നാം പ്രതിയായ ഐജി ജി. ലക്ഷ്‌മണയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു ( IG Lakshmana Antiquities fraud case). കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫിസിൽ വച്ചാണ് ചോദ്യം ചെയ്യൽ. ഇന്ന് രാവിലെ (ഓഗസ്റ്റ് 23) പതിനൊന്നര മണിയോടെയാണ് ക്രൈം ബ്രാഞ്ച് ഓഫിസിൽ ഐ.ജി എത്തിയത് (IG Lakshmana before Crime Branch).
കേസിലെ പ്രതിയായ ഐജി ജി. ലക്ഷ്‌മണ ആദ്യമായാണ് അന്വേഷണ സംഘത്തിന് മുന്നിലെത്തുന്നത്. ചോദ്യം ചെയ്യൽ ഇന്ന് വൈകുന്നേരം വരെ നീളാനാണ് സാധ്യത. ഈ കേസിൽ ഐ.ജി. ലക്ഷമണയ്‌ക്ക് ഹൈക്കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശം നൽകിയിരുന്നു.
എന്നാൽ രണ്ട് തവണ നോട്ടിസ് നൽകി വിളിപ്പിച്ചെങ്കിലും ഐജി ലക്ഷ്‌മണ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല. ഇതേ തുടർന്ന് ഐജിക്കെതിരായ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. ഈ റിപ്പോർട്ട് കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഐ.ജി ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരായത്.
READ MORE:മോൻസണും ഐജി ലക്ഷ്‌മണയും തമ്മിലുള്ള അടുത്ത ബന്ധത്തിന്‍റെ തെളിവുകൾ പുറത്ത്
പുരാവസ്‌തു ഇടപാടിലെ സാമ്പത്തിക തട്ടിപ്പിൽ മുഖ്യ ആസൂത്രകൻ ഐ.ജി ലക്ഷ്‌മണ ആണെണ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ലക്ഷ്‌മണയ്‌ക്കെതിരെ ഗൂഢാലോചന കുറ്റം കൂടി ക്രൈം ബ്രാഞ്ച് ചുമത്തിയിരുന്നു. നിലവിൽ നടത്തിയിട്ടുള്ള അന്വേഷണത്തിൽ സുപ്രധാന തെളിവുകൾ ലഭിച്ചിട്ടുണ്ട്.