എറണാകുളം: അപൂർവ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്‍റെ ആഹ്‌ളാദത്തിലാണ് 35 കാരി വി.പി മൈമൂന. ശ്വാസകോശത്തിലും കരളിനോട് ചേർന്നും മുഴകള്‍ രൂപപ്പെട്ടത് മൈമൂനയെ ഗുരുതരാവസ്ഥയില്‍ എത്തിച്ചിരുന്നു. അപകട സാധ്യത ഏറെയുള്ള ശസ്ത്രക്രിയ നിരവധി ആശുപത്രി അധികൃതര്‍ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല.
കൊച്ചി സൺറൈസ് ആശുപത്രി സീനിയര്‍ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ.നാസര്‍ യൂസഫും സഹ ഡോക്ടർമാരും ആത്മവിശ്വാസത്തോടെ വെല്ലുവിളി ഏറ്റെടുത്തു. ഇതോടെ, അത്ഭുതങ്ങള്‍ സംഭവിക്കുകയായിരുന്നു. ഒമ്പത് മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് മുഴകൾ മുഴുവനായി നീക്കം ചെയ്തത്.
കേരളത്തില്‍ അത്യപൂര്‍വമായി സ്വിരീകരിച്ച രോഗം
ശ്വാസകോശത്തിന്‍റെ മുക്കാല്‍ ഭാഗവും നിറഞ്ഞ് ഹൃദയത്തെ ഇടത് ഭാഗത്തേയ്ക്ക് തള്ളി മാറ്റിയ നിലയില്‍ ഒരു മുഴയും അതിന് ചുറ്റും ചെറുമുഴകളും കരളിനോട് ചേര്‍ന്ന് വയറിൽ മറ്റൊരുമുഴയുമാണ് മൈമൂനയുടെ ശരീരത്തില്‍ കണ്ടെത്തിയത്. നാടവിരയുടെ ലാര്‍വ നിറഞ്ഞുണ്ടാകുന്ന ഇത്തരം മുഴകളെ 'ഹൈഡാറ്റിഡ് മുഴകള്‍' എന്നാണ് വിളിക്കുന്നത്. പ്രധാനമായും കരളിനെയും, ശ്വാസകോശത്തെയും, തലച്ചോറിനെയും നശിപ്പിക്കുന്ന നാടവിരകളാണ് ഇത്തരം മുഴകള്‍ക്ക് കാരണമാകുന്നത്.
നാടവിരബാധിച്ച ആടുമാടുകള്‍, പന്നികള്‍, നായ്ക്കള്‍ എന്നിവയുമായുള്ള സമ്പര്‍ക്കത്തിലൂടെയും നന്നായി വേവിക്കാത്ത മാംസം ഭക്ഷിക്കുന്നതിലൂടെയുമാണ് മനുഷ്യരില്‍ ഈ രോഗബാധ ഉണ്ടാകുന്നത്. കേരളത്തില്‍ അത്യപൂര്‍വമായാണ് ഈ രോഗം കാണപ്പെടുന്നത്. ഏക പരിഹാര മാർഗം ശസ്ത്രക്രിയ മാത്രമാണ്.