എറണാകുളം: കേന്ദ്ര സർക്കാർ എല്ലാ എതിർശബ്‌ദങ്ങളെയും അടിച്ചമർത്താൻ നടത്തുന്ന നീക്കത്തിൻ്റെ ഭാഗമാണ് ഫോൺ ചോർത്തലെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ജെയ്‌സൺ കൂപ്പർ. ഇസ്രയേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് നടത്തിയ ഫോൺ ചോർത്തലില്‍ കൊച്ചി സ്വദേശി ജെയ്‌സൺ കൂപ്പറും ഉൾപ്പെട്ടിരുന്നു.
ഭീമ കൊറേഗാവ് കേസിലും വിവരങ്ങൾ ചോർത്തിയെന്ന് ജെയ്‌സൺ കൂപ്പർ
തൻ്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് നടന്നതെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജെയ്‌സൺ ഇടിവി ഭാരതിനോട് പറഞ്ഞു. ഫോൺ ചോർത്തൽ ഒരു തരം ഡിജിറ്റൽ അധിനിവേശമാണ്. ഇത്തരത്തിൽ എല്ലാ തലത്തിലുമുള്ള വിയോജിപ്പുകളും അടിച്ചമർത്താമെന്നാണ് കേന്ദ്ര സർക്കാർ വ്യാമോഹിക്കുന്നത്. ഭീമ കൊറേഗാവ് കേസിൽ മനുഷ്യാവകാശ പ്രവർത്തകരെ തടവറയിലാക്കിയത് ഇത്തരത്തിൽ ലാപ്ടോപ്പുകളിൽ നുഴഞ്ഞു കയറി വ്യാജ തെളിവുണ്ടാക്കിയാണെന്നും ജെയ്‌സൺ ആരോപിച്ചു.
വ്യാജ ഡിജിറ്റൽ തെളിവുകളുണ്ടാക്കി ജയിലിലടച്ച എല്ലാ രാഷ്ട്രീയ പ്രവർത്തകരെയും മോചിപ്പിക്കണം. ഇത്തരം സംഭവങ്ങൾ പല കേസുകളിലും തെളിവുകൾ സഹിതം ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കോടതികൾ പരിഗണിച്ചിട്ടില്ല. തൻ്റെ ഫോൺ ചോർത്തിയ സംഭവത്തിലും നിയമ നടപടിയുമായി മുന്നോട്ട് പോകുമ്പോൾ ഇത്തരമൊരു പരിമിതി മുന്നിൽ കാണുന്നുണ്ടെന്ന് ജെയ്‌സൺ പറഞ്ഞു.