കേരളം

kerala

ETV Bharat / state

ED Raid In Kerala| പതിനായിരം കോടിയുടെ ഹവാല ഇടപാട് ; സംസ്ഥാനത്ത് ഇഡി പരിശോധന പുരോഗമിക്കുന്നു, കള്ളപ്പണം പിടിച്ചെടുത്തെന്ന് സൂചന - ED Raid In Kerala

കൊച്ചി ഉൾപ്പടെ സംസ്ഥാനത്തെ ഇരുപതിലധികം കേന്ദ്രങ്ങളിലാണ് ഇഡി പരിശോധന തുടരുന്നത്. പതിനായിരം കോടിയുടെ ഹവാല ഇടപാട് നടന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് 150 പേരടങ്ങുന്ന സംഘം പരിശോധന നടത്തുന്നത്

ഹവാല ഇടപാട്  Huge Hawala transaction  Enforcement directorate  ED raid in kerala  ED raid in kochi and Kottayam  ED raid in Kottayam  ഇഡി പരിശോധന  ഇഡി പരിശോധന കേരളത്തിൽ
പതിനായിരം കോടിയുടെ ഹവാല ഇടപാട്

By

Published : Jun 20, 2023, 11:02 AM IST

Updated : Jun 20, 2023, 12:18 PM IST

എറണാകുളം : കേരളത്തിൽ 10,000 കോടിയുടെ ഹവാല ഇടപാട് നടന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇ.ഡി) പരിശോധന തുടരുന്നു. കൊച്ചി ഉൾപ്പടെ സംസ്ഥാനത്തെ ഇരുപതിലധികം കേന്ദ്രങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. കൊച്ചിയിലെ പ്രധാന വ്യാപാര കേന്ദ്രമായ പെന്‍റ മേനക ഷോപ്പിങ് കോംപ്ലക്‌സിലെ മൊബൈൽ ആക്‌സസറീസ് മൊത്ത വിൽപന കേന്ദ്രങ്ങൾ, ബ്രോഡ് വേയിലെ സൗന്ദര്യവർധക ഷോപ്പുകൾ, ഇലക്ട്രോണിക്‌സ് ഉത്‌പന്നങ്ങളുടെ മൊത്ത വിൽപ്പനശാലകൾ എന്നിവയിലാണ് പ്രധാനമായും പരിശോധനകൾ നടന്നത്.

കൊച്ചിയിലെ വ്യാപാര സ്ഥാപനങ്ങളുടെ മറവിൽ ദിനം പ്രതി 50 കോടിയോളം രൂപയുടെ ഹവാല ഇടപാട് നടക്കുന്നുണ്ടെന്നാണ് ഇഡി സംശയിക്കുന്നത്. ഇഡിയുടെ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥരടക്കം 150 പേരടങ്ങുന്ന സംഘമാണ് റെയ്‌ഡ് ആരംഭിച്ചത്. സായുധ സേനയുടെ സുരക്ഷയിലായിരുന്നു പരിശോധന. ഇന്നലെ വൈകിട്ടാണ് ഒരേ സമയം കേരളത്തിലെ വിവിധ ഇടങ്ങളിൽ റെയ്‌ഡ് തുടങ്ങിയത്.

വിവിധ ജില്ലകളിലായി ഇരുപതിലധികം ഹവാല ഓപ്പറേറ്റർമാർ വഴി 10,000 കോടിയിലധികം രൂപയുടെ ഹവാല ഇടപാട് കേരളം കേന്ദ്രീകരിച്ച് നടന്നെന്നാണ് ഇഡിയുടെ ആരോപണം. മാസങ്ങളായി നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് വിപുലമായ ഹവാല ഇടപാടുകൾ വ്യാപാര സ്ഥാപനങ്ങളുടെ മറവിൽ നടക്കുന്നതായി കണ്ടെത്തിയത്.

കള്ളപ്പണം കണ്ടെത്തുന്നതിനായി ഇഡി സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്‌ഡാണിത്. സംസ്ഥാനത്ത് ഹവാല ഇടപാട് നടക്കുന്ന ഏറ്റവും പ്രധാന കേന്ദ്രം കൊച്ചിയാണെന്നാണ് ഇഡിയുടെ വിലയിരുത്തൽ. കൊച്ചിയിൽ നടന്ന പരിശോധനയിൽ കള്ളപ്പണം പിടിച്ചെടുത്തതായാണ് ഇഡി ഉദ്യോഗസ്ഥർ നൽകുന്ന സൂചന. പരിശോധന പൂർത്തിയായാൽ മാത്രമേ ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം ഇഡിയിൽ നിന്നും ലഭിക്കൂ.

കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ, ചങ്ങനാശേരി, ഈരാറ്റുപേട്ട എന്നിവിടങ്ങളിലെ പണമിടപാട് സ്ഥാപനങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ, ജ്വല്ലറികൾ അടക്കമുള്ളവയിലാണ് ഇഡിയുടെ പരിശോധന നടന്നത്. ഏറ്റുമാനൂരിൽ മുസ്‌ലിം ലീഗ് നേതാവിന്‍റ ബന്ധുവിന്‍റെ കടയിലായിരുന്നു പരിശോധന. ഈരാറ്റുപേട്ടയിൽ നടക്കൽ കെഎം മുഹമ്മദ് ഹാഷിമിന്‍റെ ബന്ധുവിന്‍റെ ഡ്യൂട്ടി ഫ്രീ സ്ഥാപനത്തിലാണ് റെയ്‌ഡ് നടന്നത്. ട്രെയിനിൽ കടത്തിയ കള്ളപ്പണവുമായി മെയ് 28 ന് പാലക്കാട് വച്ച് ഹിഷാമിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാളിൽ നിന്നും 17 ലക്ഷം രൂപയും പിടിച്ചെടുത്തു.

ഈ കടയിൽ വെസ് സ്റ്റേൺ മണി ട്രാൻസ്ഫർ സ്ഥാപനത്തിന്‍റെ ശാഖയും പ്രവർത്തിക്കുന്നുണ്ട്. ഇതിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായി കേരള പൊലീസിനെ അറിയിക്കാതെയായിരുന്നു പരിശോധന. തിങ്കളാഴ്‌ച വൈകുന്നേരം ആറു മണിക്ക് തുടങ്ങിയ പരിശോധന രാത്രി വരെ നീണ്ടുനിന്നു. കോട്ടയത്ത് നടന്ന പരിശോധയിൽ നിയമവിരുദ്ധമായ എന്തെങ്കിലും പിടിച്ചെടുത്തിട്ടുണ്ടോ എന്ന വിവരം ഇഡി പുറത്തുവിട്ടിട്ടില്ല.

Last Updated : Jun 20, 2023, 12:18 PM IST

ABOUT THE AUTHOR

...view details