28 വര്‍ഷത്തെ സേവന ത്യാഗത്തിന്‍റെ ഓര്‍മകളുമായി ഹോണററി സുബേദാർ മേജർ എപി ജോസഫ് എറണാകുളം: കൊച്ചി മുണ്ടംവേലിയിലെ ആന്ദശ്ശേരി വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന ഹോണററി സുബേദാർ മേജർ എ.പി ജോസഫിന്‍റെ മനസിലിപ്പോഴും വെടിയൊച്ചകൾ മുഴങ്ങുന്നുണ്ട്. രാജ്യ സേവനത്തിനായി ഈ ധീരനായ സൈനികന്‍ നീക്കിവച്ചത് സംഭവ ബഹുലമായ 28 വര്‍ഷങ്ങളാണ്. 1962ലെ ചൈന യുദ്ധം, 1965ലെ പാകിസ്‌താൻ യുദ്ധം, 1970ലെ ബംഗ്ലാദേശ് യുദ്ധം എന്നിവയില്‍ പങ്കെടുത്ത മുന്‍ സൈനികന്‍ അഭിമാനത്തോടെ പറയുന്നത് ത്യാഗത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും സേവന നിമിഷങ്ങളാണ്.
മറക്കാനാവാത്ത കാര്‍ഗില്‍ യാത്ര: ഈ യുദ്ധങ്ങളിലെല്ലാം നിര്‍ണായക സേവനം കാഴ്‌ചവയ്‌ക്കാന്‍ ഈ ധീരനായ സൈനികന് സാധിച്ചു. പാകിസ്ഥാൻ, ബംഗ്ലാദേശ് യുദ്ധങ്ങളിൽ നേരിട്ട് പങ്കെടുത്തത് പട്ടാള ജീവിതത്തിലെ വേറിട്ട അനുഭവമായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. പാകിസ്ഥാനുമായുള്ള യുദ്ധവേളയിൽ കണ്ണൂർ സ്വദേശി ക്യാപ്റ്റൻ കരുണാകരനൊപ്പം കാർഗിലിലേക്ക് നടത്തിയ യാത്രയാണ് ഒരിക്കലും മറക്കാന്‍ സാധിക്കാത്തത്.
വഴിയരികിൽ മരിച്ചുവീണ പട്ടാളക്കാരുടെ ഇടയില്‍ ജീവന്‍റെ തുടിപ്പ് ബാക്കിയുള്ള ഒരാൾ വെള്ളത്തിന് വേണ്ടി കേഴുന്നത് ശ്രദ്ധയിൽപ്പെട്ടു. ക്യാപ്റ്റൻ കരുണാകരൻ മറ്റൊന്നും ചിന്തിക്കാതെ വാഹനത്തിൽ നിന്നും അവിടെ ഇറങ്ങി വെളളം നൽകി. പെട്ടെന്നുണ്ടായ പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തിൽ ക്യാപ്റ്റൻ തൽക്ഷണം കൊല്ലപ്പെട്ടു. കൺമുന്നിൽ സഹപ്രവർത്തകൻ വെടിയേറ്റ് മരിച്ചത് ഇന്നും മനസിലൊരു വേദനയാണെന്നും അന്ന് താന്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണെന്നും സുബേദാർ മേജർ എ.പി ജോസഫ് പറഞ്ഞു.
എ.പി ജോസഫ് മരിച്ചെന്ന വ്യാജ വാര്‍ത്ത: ബംഗ്ലാദേശിലേക്ക് യുദ്ധത്തിന് പോയ വേളയിൽ വീട്ടുകാരുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ യുദ്ധത്തിൽ പട്ടാളക്കാരനായ എ.പി ജോസഫ് മരിച്ചെന്ന വ്യാജ വാർത്ത പരന്നു. കേട്ടത് ശരിയായിരിക്കരുതേയെന്ന് വീട്ടുകാരും സുഹൃത്തുക്കളും പ്രാർഥിച്ചു. എന്നാല്‍, ഒരു മാസത്തിലധികം നീണ്ട ആശങ്കയും അനിശ്ചിതത്വവും വഴി മാറിയത് തനിക്കിവിടെ സുഖം തന്നെയെന്ന എ.പി. ജോസഫിന്‍റെ കത്ത് കിട്ടിയതോടെയാണ്. ഈ സംഭവത്തിന് ശേഷം നാട്ടിൽ തിരിച്ച് എത്തിയപ്പോൾ പൗരാവലിയുടെ വൻ സ്വീകരണമാണ് ലഭിച്ചത്. പാകിസ്ഥാനെതിരായ യുദ്ധത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോൾ പല്ലക്കിൽ ചുമന്നാണ് നാട്ടുകാർ സ്വീകരണ വേദിയിൽ എത്തിച്ചതെന്നും എ.പി. ജോസഫ് ഓർമിക്കുന്നു.
മുണ്ടം വേലി ഹൈസ്‌കൂളിലെ വിമുക്തഭടനായ കായികാധ്യാപകൻ ചീക്കു മാസ്റ്ററാണ് പട്ടാളത്തിൽ ചേരാൻ പ്രചോദനം നൽകിയത്. 1952 ൽ എറണാകുളത്ത് നടന്ന കരസേന റിക്രൂട്ട്മെന്‍റ് റാലിയിൽ വീട്ടുകാർ പോലും അറിയാതെയായിരുന്നു പങ്കെടുത്തത്. ചീക്കു മാസ്റ്ററില്‍ നിന്നും പട്ടാളത്തിനുവേണ്ട കായിക മുറകള്‍ നേരത്തേ പഠിച്ചുവച്ചതിനാൽ എളുപ്പത്തിൽ പ്രവേശനം നേടാൻ കഴിഞ്ഞു.
പട്ടാളത്തില്‍ ചേര്‍ന്നത് വീട്ടുകാര്‍ പോലും അറിയാതെ:അന്ന് തന്നെ ദേവലാലിയിലെ സൈനിക പരിശീലന കേന്ദ്രമായ സ്‌കൂൾ ഓഫ് ആർട്ടിലറിയിലേക്ക് തിരിക്കുകയും ചെയ്‌തു. രാത്രിയായിട്ടും തിരിച്ചെത്താതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം തുടങ്ങിയത്. ഒടുവിലാണ് താന്‍ പട്ടാളത്തിൽ ചേർന്നുവെന്ന വിവരം വീട്ടുകാർ പോലും അറിഞ്ഞത്. ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കിയതോടെ ജമ്മു കശ്‌മീർ സെവൻത്ത് ഫീൽഡ് റെജിമെന്‍റിൽ നിയമിതനായെന്നും അദ്ദേഹം പറയുന്നു.
വയർലസ് ഓപ്പറേറ്ററായും, തുടർന്ന് ജൂനിയർ കമ്മിഷണർ ഓഫിസറായും ഏറ്റവുമൊടുവിൽ ഹോണററി സുബേദാർ മേജറായും സേവനമനുഷ്‌ഠിച്ചു. മികച്ച സേവനത്തിനുള്ള ഒമ്പത് സൈനിക മെഡലുകൾ ലഭിച്ചിട്ടുണ്ട്. മിലിട്ടറി ഫുട്ബോൾ ടീമിലും അംഗമായി. 28 വർഷത്തെ സൈനിക സേവനത്തിന് ശേഷം 1980 ൽ സ്വയം വിരമിച്ചു. തൊണ്ണൂറ്റിയൊന്നിന്‍റെ നിറവിലും ഈ മുൻ സൈനികന്‍റെ മനസിൽ തെളിയുന്നത് ഏറെ തീക്ഷ്‌ണമായ ബാല്യവും യൗവനത്തിലെ പട്ടാള ജീവിതത്തിലെ ശ്രദ്ധേയമായ അനുഭവങ്ങളുമാണ്.