എറണാകുളം :ഹിഗ്വിറ്റ സിനിമയുടെ അണിയറ പ്രവർത്തകരുമായി കേരള ഫിലിം ചേംബർ ഇന്ന് ചർച്ച നടത്തും. കൊച്ചിയിൽ ചേംബർ ആസ്ഥാനത്തുവച്ച് ഉച്ചയ്ക്ക് 2.30നാണ് ചർച്ച. പുതുമുഖ സംവിധായകൻ ഹേമന്ത് ജി നായരുടെ സിനിമയ്ക്ക് ഹിഗ്വിറ്റ എന്ന പേര് നൽകിയത് കേരള ഫിലിം ചേംബർ വിലക്കിയിരുന്നു.
എൻ എസ് മാധവന്റെ പ്രശസ്ത ചെറുകഥയുടെ പേര് സിനിമയ്ക്ക് നൽകിയതിനെതിരെ കഥാകൃത്ത് തന്നെ രംഗത്ത് എത്തുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഫിലിം ചേംബർ സിനിമയ്ക്ക് ഈ പേര് നൽകുന്നത് വിലക്കിയത്. എൻ എസ് മാധവനിൽ നിന്ന് അനുമതി വാങ്ങാനായിരുന്നു ഫിലിം ചേംബർ നിർദേശം നൽകിയത്.
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായ എൻ എസ് മാധവൻ സിനിമയ്ക്ക് തന്റെ ചെറുകഥയുടെ പേര് നൽകുന്നതിൽ വിയോജിപ്പ് അറിയിച്ച സാഹചര്യത്തിലാണ് നടപടിയെന്നായിരുന്നു ചേംബർ അറിയിച്ചത്. സിനിമയ്ക്ക് ഹിഗ്വിറ്റയെന്ന പേര് നൽകില്ലെന്ന് ഉറപ്പ് കിട്ടിയതായി എൻ എസ് മാധവനും വ്യക്തമാക്കിയിരുന്നു.