കേരളം

kerala

ETV Bharat / state

ഹിഗ്വിറ്റ പേര് വിവാദം; വിലക്കിൽ ഉറച്ച് ഫിലിം ചേംബർ, നിയമനടപടിക്കൊരുങ്ങി അണിയറ പ്രവർത്തകർ

ജീവിച്ചിരിക്കുന്ന കൊളംബിയൻ ഫുട്ബോൾ താരത്തിന്‍റെ പേരാണ് എടുത്തിട്ടുള്ളതെന്നും എൻ എസ് മാധവന്‍റെ കഥയോ കഥാപാത്രമോ മോഷ്‌ടിച്ചിട്ടില്ലെന്നും സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കി

ഹിഗ്വിറ്റ  Higuita title controversy  ഹിഗ്വിറ്റ പേര് വിവാദം  എൻ എസ് മാധവൻ  ഹേമന്ത് ജി നായർ  ഫിലിം ചേംബർ  എൻ എസ് മാധവൻ  Higuita  film chamber
ഹിഗ്വിറ്റ പേര് വിവാദം നിയമനടപടിക്കൊരുങ്ങി അണിയറ പ്രവർത്തകർ

By

Published : Dec 6, 2022, 7:53 PM IST

Updated : Dec 6, 2022, 10:06 PM IST

എറണാകുളം:ഹിഗ്വിറ്റ പേര് വിവാദവുമായി ബന്ധപ്പെട്ട് സിനിമയുടെ അണിയറ പ്രവർത്തകർ ഫിലിം ചേംബറുമായി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. വിലക്കിൽ നിന്ന് പിന്നോട്ടില്ലെന്നും തങ്ങൾ നിസഹായരാണെന്നും ഫിലിം ചേംബർ അറിയിച്ചതായി സിനിമയുടെ സംവിധായകൻ ഹേമന്ത് ജി നായർ പറഞ്ഞു.

ഹിഗ്വിറ്റ ചെറുകഥയുടെ രചയിതാവ് എൻ എസ് മാധവന്‍റെ അനുവാദം വാങ്ങണമെന്നാണ് ചേംബർ പറയുന്നത്. പേരിന്‍റെ ഉടമസ്ഥാവകാശത്തെ കുറിച്ച് എന്ത് കൊണ്ടാണ് ഇത്തരത്തിൽ പറയുന്നതെന്ന് അറിയില്ല. എൻ എസ്‌ മാധവന്‍റെ ഹിഗ്വിറ്റ കഥയും സിനിമയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

സംവിധായകൻ ഹേമന്ത് ജി നായരുടെ പ്രതികരണം

തങ്ങൾ കഥയോ കഥാപാത്രമോ മോഷ്‌ടിച്ചിട്ടില്ല. ജീവിച്ചിരിക്കുന്ന കൊളംബിയൻ ഫുട്ബോൾ താരത്തിന്‍റെ പേരാണ് തങ്ങൾ എടുത്തിട്ടുള്ളത്. അതിനാൽ തന്നെ ഹിഗ്വിറ്റ പേര് വിവാദം നിയമപരമായി നേരിടുമെന്നും സിനിമയുടെ സംവിധായകൻ ഹേമന്ത് ജി നായർ പറഞ്ഞു. ഹിഗ്വിറ്റയെന്ന പേരുമായി തന്നെ മുന്നോട്ട് പോകുമെന്ന് സിനിമയുടെ അണിയറപ്രവർത്തകര്‍ വ്യക്തമാക്കി.

അതേസമയം എൻ എസ് മാധവൻ കഥാമോഷണം ആരോപിച്ച് ഫിലിം ചേംബറിന് കത്തു നൽകിയിരുന്നുവെന്ന് ചേംബർ ജനറൽ സെക്രട്ടറി ബി.ആർ ജേക്കബ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്. എൻ എസ് മാധവന്‍റെ അനുമതി കിട്ടിയാൽ പേരിലെ വിലക്ക് നീക്കാമെന്നാണ് തീരുമാനം.

കേരള ഫിലിം ചേംബർ സെക്രട്ടറി ബി.ആർ ജേക്കബ് പ്രതികരിക്കുന്നു

തർക്കം തീർക്കേണ്ടത് എൻ എസ് മാധവനും അണിയറ പ്രവർത്തകരും തമ്മിലാണ്. സാധാരണ ഇത്തരത്തിൽ പരാതി ലഭിച്ചാൽ എൻഒസി വാങ്ങാനാണ് ആവശ്യപ്പെടാറുള്ളത്. സോളമന്‍റെ തേനീച്ചകൾ ഉൾപ്പടെ ഇത്തരത്തിൽ പല സിനിമ പേരുകൾക്കും ബന്ധപ്പെട്ടവരിൽ നിന്ന് എൻഒസി ലഭിച്ച ശേഷമാണ് അനുമതി നൽകിയതെന്നും ഫിലിം ചേംബർ വ്യക്തമാക്കി.

ഇതോടെ ഹിഗ്വിറ്റ സിനിമയുടെ പേരു വിവാദം ഉടൻ അവസാനിക്കില്ലെന്നാണ് വ്യക്തമാകുന്നത്. കൊച്ചിയിലെ ഫിലിം ചേംബർ ആസ്ഥാനത്തായിരുന്നു ഫിലിം ചേംബർ ഭാരവാഹികളും സിനിമയുടെ അണിയറ പ്രവർത്തകരും തമ്മിൽ ചർച്ച നടന്നത്.

Last Updated : Dec 6, 2022, 10:06 PM IST

ABOUT THE AUTHOR

...view details