എറണാകുളം: ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ഉപയോഗിച്ച് നിർമ്മിച്ച അരവണ വിതരണം തടഞ്ഞ് ഹൈക്കോടതി. തിരുവനന്തപുരത്തെ സർക്കാർ ലാബിലും ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലും ശബരിമലയിൽ അരവണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്.
ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കാൻ ദേവസ്വം ബോർഡിനും കോടതി നിർദേശം നൽകി. അരവണ സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കാനും കോടതി ഉത്തരവിട്ടു. കൂടാതെ, ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേർന്ന അരവണ വിതരണം ചെയ്യുന്നില്ലെന്ന് സന്നിധാനത്തെ ഭക്ഷ്യസുരക്ഷ ഓഫിസർ ഉറപ്പ് വരുത്തണമെന്നും നിർദ്ദേശമുണ്ട്.
ഭക്ഷ്യയോഗ്യമായ ഏലയ്ക്ക ഉപയോഗിച്ചോ അല്ലാതെയോ ദേവസ്വം ബോർഡിന് അരവണ നിർമ്മിക്കാം. ഇക്കാര്യത്തിൽ സ്പൈസസ് ബോർഡുമായി കൂടിയാലോചന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ പി ജി അജിത് കുമാർ എന്നിവരടങ്ങിയ ദേവസ്വം ബഞ്ച് വ്യക്തമാക്കി. അയ്യപ്പാ സ്പൈസസ് കമ്പനി നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി രണ്ട് തവണ ഏലയ്ക്ക സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്.
ഹർജി പരിഗണിക്കവെ തീർഥാടകരുടെ താല്‌പര്യങ്ങൾക്കാണ് പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ കോടതി ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ഉപയോഗിച്ചുള്ള അരവണ നിർമ്മാണം ചെറിയ വിഷയമായി കാണാനാവില്ലെന്ന് ഓർമ്മിപ്പിച്ചു. ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ പദാർഥങ്ങൾ നൽകുന്നത് മൗലികാവകാശങ്ങളുടെ ലംഘനമെന്നും കോടതി വിലയിരുത്തി.