എറണാകുളം:ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരായ വി.സിമാരുടെ ഹർജികളിൽ ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി. വി.സി നിയമനത്തിൽ ക്രമക്കേട് ഉണ്ടായാൽ ചാൻസലറായ ഗവർണർ കണ്ടില്ലായെന്ന് നടിക്കണോയെന്നും കോടതി ചോദിച്ചു. ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരായ ഹർജികളിൽ ഹൈക്കോടതി നിരവധി ചോദ്യങ്ങളാണ് വിസിമാർക്ക് നേരെ ഉന്നയിച്ചത്.
നിയമനത്തിൽ ക്രമക്കേട് ഉണ്ടെങ്കിൽ ചാൻസലർ കണ്ടില്ലായെന്ന് നടിക്കണോ, വി.സി നിയമനത്തിൽ ക്രമക്കേട് ഉണ്ടെങ്കിൽ നിയമനം നിലനിൽക്കുമോ എന്നും കോടതി ചോദിച്ചു. അതേസമയം, നോട്ടീസിനുമേൽ മറുപടി നൽകാനായി വിസിമാർക്ക് തിങ്കളാഴ്ച്ച വരെ കോടതി സമയം നീട്ടി നൽകി. രാജി വയ്ക്കാനാവശ്യപ്പെട്ട് ഗവർണർ നൽകിയ നോട്ടീസ് കോടതി നേരത്തെ അസാധുവാക്കിയതാണെന്നും രാജി നോട്ടീസിനു തുടർച്ചയെന്നോണം നൽകിയ കാരണം കാണിക്കൽ നോട്ടീസ് നിലനിൽക്കില്ലെന്നായിരുന്നു വി.സി മാരുടെ വാദം.