എറണാകുളം : അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി വിദഗ്‌ധ സമിതി രൂപീകരിച്ചു. സമിതിയുടെ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. അരിക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്ക് വിട്ടുകൂടേയെന്ന് ഹൈക്കോടതി ചോദിച്ചു.
വിഷയത്തില്‍ ശാശ്വത പരിഹാരം വേണമെന്ന് കോടതി : അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുക എന്നതിനപ്പുറം വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്ന നിരീക്ഷണമാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നടത്തിയത്. ഇക്കാര്യങ്ങൾ പരിശോധിക്കാൻ അഞ്ച് അംഗ വിദഗ്‌ധ സമിതിക്ക് കോടതി രൂപം നൽകി. വനം വകുപ്പ് ചീഫ് കൺസർവേറ്റർ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, രണ്ട് വിദഗ്‌ധർ, കോടതി നിയോഗിക്കുന്ന അമിക്കസ് ക്യൂറി എന്നിവരാണ് സമിതിയിലുള്ളത്.
സമിതി രണ്ട് ദിവസത്തിനകം യോഗം ചേരും. സമിതിക്ക് മുന്നിൽ രേഖകൾ സമർപ്പിക്കാൻ വനം വകുപ്പിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷയത്തിൽ ശാശ്വത പരിഹാര മാർഗങ്ങൾ അറിയിക്കണമെന്നാണ് കോടതിയുടെ നിർദേശം.
ആനകളുടെ വാസസ്ഥലത്ത് എങ്ങനെ സെറ്റിൽമെന്‍റ് കോളനി സ്ഥാപിച്ചുവെന്നും, കൊടും വനത്തിൽ ആളുകളെ കൊണ്ടുവന്ന് പാർപ്പിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും കോടതി വിലയിരുത്തി. ഇന്ന് അരിക്കൊമ്പനെ പിടിച്ചാൽ നാളെ മറ്റൊരാന ആ സ്ഥാനത്ത് വരും. അതിനാൽ ആനയെ പിടികൂടുന്നത് പരിഹാരമായി കാണാനാകില്ലെന്നും, പിടികൂടിയിട്ട് എന്ത് ചെയ്യാനാണെന്നും കോടതി ചോദിച്ചു.
വിഷയത്തിൽ ജനങ്ങളുടെ താൽപര്യവും സംരക്ഷിക്കപ്പെടുമെന്നും കോടതി ഉറപ്പുനൽകി. കൊമ്പനെ പിടിച്ച് സ്ഥിരമായി മാറ്റി പാർപ്പിക്കുന്ന വിഷയം വിദഗ്‌ധ സമിതി റിപ്പോർട്ട് വന്ന ശേഷം പരിഗണിക്കാമെന്നാണ് കോടതിയുടെ നിലപാട്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് നിലവിൽ പ്രാധാന്യമെന്നും, പ്രദേശത്ത് ജാഗ്രത തുടരണമെന്നും കോടതി നിർദേശിച്ചു.
കോടതി വിധി നിരാശാജനകം :അതേസമയം, അരിക്കൊമ്പന്‍ വിഷയത്തില്‍ കോടതിയില്‍ നിന്ന് വന്നത് നിരാശാജനകമായ വിധിയാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ട് മാറ്റാന്‍ സര്‍ക്കാരിന് പ്രയാസമാണെന്നും എന്ന് കരുതി ജനങ്ങളെ കൈവിടില്ലെന്നും മന്ത്രി പറഞ്ഞു. അരിക്കൊമ്പന്‍റെ ആക്രമണം രൂക്ഷമാകുന്ന ചിന്നക്കനാല്‍ ഭാഗത്ത് കൂടുതല്‍ സംഘത്തെ അയച്ച് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
also read: മിഷന്‍ അരിക്കൊമ്പന്‍ : ആനയുടെ മേൽ റേഡിയോ സംവിധാനം ബന്ധിപ്പിച്ചിട്ടില്ലെന്ന് എകെ ശശീന്ദ്രന്‍
ഇത്തരം വിധികള്‍ കോടതിയുടെ മേലുള്ള വിശ്വാസം നഷ്‌ടപ്പെടുവാന്‍ കാരണമാകും. എന്നാല്‍, ആ വിധത്തിലേയ്‌ക്ക് വിധിയെത്താതിരിക്കാനും നിയമവാഴ്‌ച സംരക്ഷിക്കുവാനും സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ജനങ്ങളോടൊപ്പം നിന്നതിനാണ് കോടതിയില്‍ ഹര്‍ജി വന്നതെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിനെതിരെ പ്രതിഷേധം സൃഷ്‌ടിക്കുന്നത് തെറ്റിദ്ധാരണ മൂലമാണെന്നും മന്ത്രി പറഞ്ഞു.
കോടതി വിധി വന്നതിന് പിന്നാലെ ജനകീയ സമിതികള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെ സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. ജനങ്ങള്‍ക്ക് പ്രതിഷേധം നടത്താന്‍ അവകാശമുണ്ട്. എന്നാല്‍, സര്‍ക്കാരിനെതിരായി പ്രതിഷേധങ്ങള്‍ മാറരുത്. ആന സംരക്ഷണ സമിതി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.