എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം മനുഷ്യ നിർമിതമോ എന്ന ചോദ്യമുന്നയിച്ച് ഹൈക്കോടതി. ഖരമാലിന്യ സംസ്‌കരണം നേരിട്ട് വിലയിരുത്തുമെന്നും കോടതി പറഞ്ഞു. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്‍റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.
ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോർപ്പറേഷൻ തലത്തിൽ ഖരമാലിന്യ സംസ്കരണം കാര്യക്ഷമാക്കാൻ കോടതി തീരുമാനിച്ചു. കോർപറേഷന്‍റെ പ്രവർത്തനം ഹൈക്കോടതി നേരിട്ടും, മുന്‍സിപ്പാലിറ്റികളുടെ പ്രവർത്തനം അർബൻ ഡയറക്‌ടറും നിരീക്ഷിക്കും. നിരീക്ഷണത്തിനായി മൂന്ന് അമിക്കസ് ക്യൂറിമാരെയും നിയോഗിക്കും.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ഭാഗത്തു നിന്നും വീഴ്‌ച: ജൂൺ ആറിന് മുമ്പ് കൊച്ചിയിലെ മാലിന്യ സംസ്‌കരണുമായി ബന്ധപ്പെട്ട സംവിധാനം കാര്യക്ഷമമാക്കണമെന്നും കോടതി വ്യക്തമാക്കി. ബ്രഹ്മപുരത്ത് മലിനീകരണ നിയന്ത്രണ ബോർഡ് സാഹചര്യത്തിന് അനുസരിച്ച് പ്രവർത്തിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തിൽ ബോർഡ് സമർപ്പിച്ച രേഖകൾ യാഥാർഥ്യത്തിൽ നിന്നും ഏറെ അകലെയാണ്.
ബ്രഹ്മപുരത്തെ തൽസ്ഥിതിയും പരിഹാര നിർദേശങ്ങളും, മലിനീകരണ നിയന്ത്രണ ബോർഡും കൊച്ചി നഗരസഭയും ബുധനാഴ്ച അറിയിക്കണം. തുടർ നടപടികളിൽ കോടതിയുടെ നിരീക്ഷണവുമുണ്ടാകും. പ്രവർത്തനം തൃപ്‌തികരമല്ലെങ്കിൽ കൊച്ചിയിലെ മലിനീകരണ നിയന്ത്രണ ബോർഡ് എഞ്ചിനിയറെ സ്ഥലം മാറ്റുമെന്നും ജസ്‌റ്റിസുമാരായ എസ്.വി.ഭട്ടിയും, ബസന്ത് ബാലാജിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി.
വാദത്തിനിടെ അപകടം മനുഷ്യനിർമിതമോ എന്ന ചോദ്യവും കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായി. തീപിടിത്തം അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചെന്നാണ് സർക്കാർ അറിയിച്ചത്. അഡീ. ചീഫ് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, അഗ്നിരക്ഷ വിദഗ്‌ധൻ എന്നിവരാണ് സമിതിയിലുള്ളത്.