എറണാകുളം: ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. തെരഞ്ഞെടുപ്പിൽ നോമിനേഷന്‍ നല്‍കാമെങ്കില്‍ ഇബ്രാഹിംകുഞ്ഞ് ജയിലില്‍ പോകാനും തയ്യാറാകണമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. പാലാരിവട്ടം മേൽപാലം അഴിമതിക്കേസില്‍ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമർപ്പിച്ചു. എംഇഎസ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ഇബ്രാഹിംകുഞ്ഞ് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. നോമിനേഷന്‍ നല്‍കാന്‍ ഇബ്രാഹിംകുഞ്ഞ് വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണം; ഇബ്രാഹിംകുഞ്ഞിനോട് ഹൈക്കോടതി - ഹൈക്കോടതിയുടെ മുന്നറിയിപ്പ്
പാലാരിവട്ടം മേൽപാലം അഴിമതിക്കേസില്‍ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമർപ്പിച്ചു
ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വി.കെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയില്‍ രണ്ടാമതും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. രോഗം ഗുരുതര ഘട്ടത്തിലേക്ക് കടന്നെന്നും സാന്ത്വന പരിചരണത്തിന് ബന്ധുക്കളുടെ സഹായം ആവശ്യമുണ്ടെന്നുമാണ് ജാമ്യാപേക്ഷയിലെ വാദങ്ങള്‍. ഇതേതുടര്‍ന്ന് ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇബ്രാഹിംകുഞ്ഞിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
എന്നാല്‍ മത്സരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇബ്രാഹിംകുഞ്ഞ് മറുപടി നല്‍കി. ആരോഗ്യകാരണങ്ങളാലാണ് ജാമ്യം ചോദിക്കുന്നതെന്നും ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ മറുപടി സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കോടതി ഇബ്രാഹിംകുഞ്ഞിനോട് നിര്‍ദേശിച്ചു. തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ജനുവരി എട്ടിലേക്ക് മാറ്റി.