എറണാകുളം :കെഎസ്ആർടിസി KSRTC, ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നൽകാത്തതില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ജീവനക്കാർ മികച്ച രീതിയിലാണ് ജോലി ചെയ്യുന്നതെന്നും മാസം 220 കോടിയിലേറെ രൂപയുടെ വരുമാനം കെഎസ്ആർടിസിക്കുണ്ടെന്നും ചൂണ്ടികാണിച്ച കോടതി പിന്നെങ്ങനെയാണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് സ്ഥാപനം പോകുന്നതെന്ന് മനസിലാകുന്നില്ലെന്നും പറഞ്ഞു. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രനായിരുന്നു സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
20-ാം തീയതിക്ക് അകം മുഴുവന്‍ ശമ്പളവും നല്‍കണമെന്ന് കോടതി :ശമ്പള വിതരണം കാര്യക്ഷമമാക്കാൻ നിരവധി നിർദേശങ്ങൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇരുപതാം തീയതിക്കകം മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ കെഎസ്ആർടിസി എം ഡി ഹാജരായി വിശദീകരണം നൽകണമെന്നും കോടതി ഇടക്കാല ഉത്തരവിൽ ചൂണ്ടിക്കാട്ടി. സർക്കാർ സഹായമായ 30 കോടി ഇന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അങ്ങനെയെങ്കിൽ ശമ്പളം കാലതാമസമില്ലാതെ വിതരണം ചെയ്യുമെന്നും കെഎസ്ആർടിസിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കഴിഞ്ഞ ഒരു വർഷത്തോളമായി, കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജി സിംഗിൾ ബെഞ്ചിന്‍റെ പരിഗണനയിലാണ്. സമൂഹത്തിലെ ദുർബല വിഭാഗത്തിൽ ഉൾപ്പെടുന്ന കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും അലവൻസും നൽകാത്തത് അവരുടെ സ്ഥിതി പരിതാപകരമാക്കുകയാണെന്ന് കോടതി ഓർമ്മിപ്പിച്ചു. വിഷയം ഹൈക്കോടതി വരുന്ന 20ന് വീണ്ടും പരിഗണിക്കും.
പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ :അതേസമയം, കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി KSRTC, ജീവനക്കാർക്ക് ജൂണ്‍ മാസത്തെ ശമ്പളവും, കുടിശ്ശിക വരുത്തിയ രണ്ടുമാസത്തെ പെൻഷനും വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഭരണ - പ്രതിപക്ഷ തൊഴിലാളി സംഘടനകൾ സിഎംഡി ബിജു പ്രഭാകറിന്‍റെ ഓഫിസ് ഉപരോധിച്ചിരുന്നു. ഭരണപക്ഷ സംഘടനയായ കെഎസ്ആർടിഇഎ (സിഐടിയു) പ്രതിപക്ഷ സംഘടനയായ ടിഡിഎഫ് (ഐഎൻടിയുസി) എന്നിവരാണ് കിഴക്കേക്കോട്ടയിലെ കെഎസ്ആർടിസി ചീഫ് ഓഫിസിലെ സിഎംഡിയുടെ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. ബിജു പ്രഭാകറിന്‍റെ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞിരുന്നു.
ശേഷം, പ്രവർത്തകർ ഓഫിസിന് പുറത്ത് നിലയുറപ്പിച്ച് മുദ്രാവാക്യം മുഴക്കി. അതേസമയം, ജൂൺ മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു ജൂലൈ പത്തിന് തന്നെ വിതരണം ചെയ്യുമെന്ന് അധികൃതർ ഉറപ്പ് നൽകിയതായി കെഎസ്ആർടിഇഎ (KSRTEA) ജനറൽ സെക്രട്ടറി എസ് വിനോദ് പറഞ്ഞു. സർക്കാർ നൽകിയ 30 കോടി രൂപയും കെഎസ്ആർടിസിയുടെ കൈവശമുള്ള തുകയും ഉപയോഗിച്ചാകും ആദ്യ ഗഡു നൽകുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.
രാപ്പകൽ അധ്വാനിക്കുകയും എന്നാല്‍ സമരം ചെയ്‌താൽ മാത്രമേ ശമ്പളം നൽകുകയുമുള്ളൂ എന്ന സ്ഥിതിയിലേക്ക് കെഎസ്ആർടിസിയെ മാറ്റിയെടുക്കുന്നത് ഒരാചാരമായെന്നും എസ് വിനോദ് മാനേജ്മെന്‍റിനെ കുറ്റപ്പെടുത്തി. ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകുന്നതുവരെ രാഷ്ട്രീയം മറന്ന് തങ്ങള്‍ മാനേജ്മെന്‍റിനെതിരെ പോരാടുമെന്ന് ടിഡിഎഫ് (TDF) വർക്കിങ് പ്രസിഡന്‍റ് എം വിൻസെന്‍റ് എംഎൽഎയും അറിയിച്ചു.
പുതിയ തസ്‌തിക : അതിനിടെകെഎസ്‌ആര്‍ടിസിയില്‍ പുതിയ ഡ്രൈവര്‍ കം കണ്ടക്‌ടര്‍ കേഡര്‍ തസ്‌തിക രൂപീകരിച്ച് എം ഡി ബിജു പ്രഭാകര്‍ ഉത്തരവിറക്കി. പിഎസ്‌സിയുടെ അംഗീകാരമില്ലാതെയാണ് പുതിയ തസ്‌തിക രൂപീകരിച്ചിരിക്കുന്നത്. ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് വേണ്ടിയാണ് തസ്‌തിക രൂപീകരിച്ചതെങ്കിലും ഇവര്‍ സ്വിഫ്‌റ്റ് ബസിലും ജോലി ചെയ്യേണ്ടിവരുമെന്നും ഉത്തരവില്‍ പറയുന്നു.