എറണാകുളം :കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ താത്കാലിക വിസിയായി ഡോ.സിസ തോമസിനെ നിയമിച്ചതിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതി വിധി നാളെ. കെടിയു താത്കാലിക വിസിയായി ഡോ.സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിലാണ് നാളെ ഉച്ചയ്ക്ക് 1.45 ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ബഞ്ച് വിധി പറയുക. അതേസമയം സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി സദുദ്ദേശത്തോടെയാണെന്നും, ഗവര്‍ണര്‍ ചാന്‍സലര്‍ കൂടിയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി.
എന്നാൽ ഗവർണർക്കെതിരെ സർക്കാർ നൽകുന്ന ഹർജി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ചാൻസലർക്കെതിരെ ഹർജി നൽകാമെന്ന് വിലയിരുത്തി. സർക്കാരിന്‍റെ മൂന്ന് ശുപാർശകളും തള്ളപ്പെട്ടാൽ സ്വന്തം നിലയ്ക്ക് ചാൻസലർക്ക് നടപടി എടുക്കാമെന്നും ഗവർണർ ചൂണ്ടിക്കാട്ടി. സീനിയോറിറ്റിയിൽ സിസ തോമസ് നാലാം സ്ഥാനത്തായിരുന്നുവെന്നാണ് ചാൻസലറായ ഗവർണറുടെ വാദം.
എന്നാൽ സീനിയോറിറ്റിയിൽ സിസയുടെ സ്ഥാനം പത്താമതാണെന്നറിയിച്ച സർക്കാർ ശുപാർശകൾ എന്ത് കൊണ്ട് തള്ളപ്പെട്ടുവെന്ന് ചാൻസലർ വ്യക്തമാക്കിയിട്ടില്ലെന്ന് വാദിച്ചു. അതേസമയം പത്ത് വർഷം പ്രൊഫസർ തസ്‌തികയിലുള്ള അധ്യാപന പരിചയം, അക്കാദമിക് വിദഗ്‌ധൻ എന്നീ മാനദണ്ഡങ്ങൾ താത്കാലിക വി.സി നിയമനത്തിലും ബാധകമാണെന്ന് യുജിസിയും അറിയിച്ചു.
പ്രൊ.വി.സി സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റിന് വിലയില്ലെന്നും പ്രൊ.വി.സിയ്ക്ക് വി.സിയുടെ അധികാരം നൽകാനാകില്ലെന്നും യുജിസി നിലപാടെടുത്തു. എന്നാല്‍ വിദ്യാർഥികളുടെ ഭാവിക്കാണ് പ്രഥമ പരിഗണനയെന്ന് പറഞ്ഞ കോടതി വി.സി നിയമന തർക്കം അനാവശ്യമാണെന്നും വിമർശിച്ചു. ഇത്തരം ഏറ്റുമുട്ടലുകൾ ഒഴിവാക്കണമെന്നും ഇത് ദുരന്ത സമാന സാഹചര്യമാണെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.
സാങ്കേതിക സർവകലാശാലയിൽ വി.സി നിയമനത്തിന് യോഗ്യരായവർ ഇല്ലാതിരുന്നതിനെ തുടർന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലേക്ക് ആവശ്യമുന്നയിച്ച് രണ്ട് കത്തുകൾ വന്നിരുന്നു. തുടർന്ന് താൻ നിയമിക്കപ്പെടുകയായിരുവെന്ന് ഡോ.സിസ തോമസും കോടതിയെ അറിയിച്ചിട്ടുണ്ട്.