എറണാകുളം : വിഴിഞ്ഞം സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുക. സംഘർഷത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം, പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കോടതി നിർദേശം നൽകണം, കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി.
വിഴിഞ്ഞം സമരം : സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും - ഇന്നത്തെ പ്രധാന വാര്‍ത്ത
സംഘർഷത്തിനുപിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം, പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കോടതി നിർദേശം നൽകണം, കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി
വിഴിഞ്ഞം സ്വദേശിയായ റിട്ടയേർഡ് ഡി.വൈ.എസ്.പിയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ക്രമസമാധാനം ഉറപ്പാക്കാൻ സംസ്ഥാന പൊലീസിന് സാധിക്കുന്നില്ലെങ്കിൽ കേന്ദ്ര സർക്കാരിന്‍റെയും, കേന്ദ്ര സേനയുടെയും സഹായം തേടണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. നേരത്തെ അദാനി ഗ്രൂപ്പിന്‍റെയും കരാർ കമ്പനിയുടെയും കോടതിയലക്ഷ്യ ഹർജികളിൽ തുറമുഖ പ്രദേശത്തിനകത്ത് കേന്ദ്ര സേനയെ വിന്യസിക്കുന്നത് സംബന്ധിച്ച് സിംഗിൾ ബഞ്ച് കേന്ദ്ര സർക്കാരിന്‍റെ നിലപാട് തേടിയിരുന്നു.
തുറമുഖ നിർമാണ പ്രദേശം ഉൾപ്പെടുന്ന സുരക്ഷ മേഖലയ്ക്കകത്ത് കേന്ദ്ര സേനയെ വിന്യസിക്കുന്നതിൽ എതിർപ്പില്ലെന്നായിരുന്നു സിംഗിൾ ബഞ്ചിന് മുന്നിലെ ഹർജിയിൽ സംസ്ഥാന സർക്കാരിന്‍റെ നിലപാട്.