എറണാകുളം :ആൾക്കൂട്ടം നിയന്ത്രിക്കാനാകുന്നില്ലെങ്കില്‍ മദ്യശാലകൾ അടച്ചിടണമെന്ന് ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മദ്യശാലകളിലെ ആൾക്കൂട്ടം നിയന്ത്രിക്കുകയോ അടച്ചിടുകയോ ചെയ്യണമെന്ന് ബെവ്കോയോട് കോടതി നിർദേശിച്ചിട്ടുണ്ട്.
ഇതല്ലാതെ മറ്റുവഴികളില്ലെന്നും മദ്യം വാങ്ങാനെത്തുന്നവരെ രോഗികളാക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. മദ്യപിക്കുന്നവർക്ക് രോഗം വന്നോട്ടെയെന്ന് കരുതാനാവില്ലന്നും കോടതി ചൂണ്ടിക്കാട്ടി.
സൗകര്യങ്ങളില്ലാത്ത ബെവ്കോ ഔട്ട്‌ലെറ്റുകൾ മാറ്റി സ്ഥാപിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
രണ്ട് മാസത്തിനുള്ളിൽ ഇവ പൂർത്തിയാക്കുമെന്നും ബെവ്കോ കോടതിയെ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങളിൽ മദ്യഷോപ്പുകൾക്ക് ഇളവുകളില്ലെന്നും സർക്കാർ അറിയിച്ചു.
ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ച സർട്ടിഫിക്കറ്റോ, കൊവിഡ് നെഗറ്റീവ് ആർടിപിസിആർ പരിശോധനാ ഫലമോ ഉള്ളവർക്ക് മാത്രമാണ് മദ്യം നൽകുന്നതെന്നും സർക്കാർ വ്യക്തമാക്കി. കേസ് വീണ്ടും പരിഗണിക്കുന്നതിനായി അടുത്ത മാസം രണ്ടാം തിയ്യതിയിലേക്ക് മാറ്റി.