എറണാകുളം: വധഗൂഢാലോചന കേസിൽ ദിലീപിന് തിരിച്ചടിയായി ഹൈക്കോടതി വിധി. കേസ് റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി തള്ളിയ കോടതി, കേസന്വേഷണം തുടരാമെന്ന് വ്യക്തമാക്കി. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് വിധി പ്രസ്‌താവിച്ചത്.
നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ തെളിവുണ്ടാക്കാൻ വേണ്ടി അന്വേഷണ സംഘം കെട്ടിച്ചമച്ചതാണ് ഈ കേസെന്നും നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ക്രൈം ബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നും ദിലീപ് ഹർജിയിൽ ആരോപിച്ചിരുന്നു.
ദിലീപിന് തിരിച്ചടി :എന്നാൽ ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അന്വേഷണം തുറന്ന മനസോടെയാണ് നടക്കുന്നതെന്നും ഏജൻസിയെ തെരഞ്ഞെടുക്കാൻ പ്രതിക്ക് അവകാശമില്ലെന്നുമുള്ള പ്രോസിക്യൂഷന്‍റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും വിശദമായ വാദം കേട്ട ശേഷമാണ് ഹൈക്കോടതി കേസിൽ വിധി പ്രഖ്യാപിച്ചത്.
എഴുപത്തിയഞ്ച് പേജുള്ള വിധി പ്രസ്‌താവനയാണ് കോടതി പുറപ്പെടുവിച്ചത്. കേസ് റദ്ദാക്കണമെന്ന വാദത്തിന് അനുകൂലമായ തെളിവുകൾ ഹാജരാക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്രൈംബ്രാഞ്ചിനെതിരെ പ്രതിഭാഗം ഉന്നയിച്ച ആരോപണങ്ങൾ ബോധ്യമായില്ലെന്നും കേസ് മറ്റൊരു ഏജൻസിക്ക് നൽകേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. അപൂർവമായി മാത്രമേ ഒരു കേസിൽ എഫ്.ഐ.ആർ റദ്ദാക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.
വിധി ആത്മവിശ്വാസം നൽകുന്നത് :അതേസമയം ഹൈക്കോടതി വിധി ക്രൈംബ്രാഞ്ചിന് ആത്മവിശ്വാസം നൽകുന്നതാണെന്ന് എസ്.പി.മോഹന ചന്ദ്രൻ പ്രതികരിച്ചു. അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നത്. അതിന്‍റെ ഫലമാണ് കോടതിയിൽ നിന്നുണ്ടായത്. അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
READ MORE:നടി ആക്രമണം: തുടരന്വേഷണ വിവരം ചോര്‍ന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതാണ് കേസ്. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ജനുവരി 9ന് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, പ്രേരണ, കുറ്റം ചെയ്യുന്നത് മറച്ചുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
കേസ് റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. എന്നാല്‍ വധഗൂഢാലോചന കേസ് സിബിഐക്ക് വിടുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തു. നേരായ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്നും മറ്റൊരു ഏജൻസിക്ക് കൈമാറേണ്ട കാര്യമില്ലെന്നുമായിരുന്നു സർക്കാർ നിലപാട്.
വധഗൂഢാലോചന കേസിൽ ദിലീപാണ് ഒന്നാം പ്രതി. സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമയായ ശരത്, സായ് ശങ്കർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഈ കേസിൽ കോടതി നേരത്തേ ദിലീപ് ഉൾപ്പടെയുളള പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.