എറണാകുളം :കൊവിഡ് രോഗബാധ പരിശോധിക്കുന്ന ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ച നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി തള്ളി. സർക്കാർ ഉത്തരവ് ശരിവച്ച കോടതി തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി.
സ്വകാര്യ ലാബുകളുമായി കൂടിയാലോചിക്കാതെ സർക്കാർ ഏകപക്ഷീയമായി നിരക്ക് കുറച്ചത് നിയമപരമല്ലെന്നും കുറഞ്ഞ നിരക്കിൽ ടെസ്റ്റ് നടത്തുന്നത് ലാബുകളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
നിരക്ക് കുറച്ചത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സിംഗിൾ ബഞ്ച് തള്ളിയിരുന്നു. തുടർന്നാണ് ലാബുടമകൾ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയത്. എന്നാൽ ലാബ് ഉടമകളുടെ വാദത്തെ സർക്കാർ ശക്തമായി എതിർത്തു. ഇതര സംസ്ഥാനങ്ങളിലെ ആർ.ടി.പി.സി.ആർ നിരക്കും കോടതിയെ അറിയിച്ചു.
READ MORE:ആര്‍.ടി.പി.സി.ആര്‍. പരിശോധന നിരക്ക് കുറച്ച് സർക്കാർ ഉത്തരവിറങ്ങി
ഹരിയാന, തെലങ്കാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഈ ടെസ്റ്റിന് 500 രൂപയും ഒഡിഷയില്‍ 400 രൂപയും പഞ്ചാബിൽ 450 രൂപയുമാണ് ഈടാക്കുന്നതെന്നും സർക്കാർ വിശദീകരിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിംഗിൾബഞ്ച് സ്റ്റേ ആവശ്യം നിരസിച്ചതെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. നിരക്ക് നിശ്ചയിച്ചതിലെ നിയമപ്രശ്നങ്ങൾ സിംഗിൾ ബഞ്ച് മുമ്പാകെ ഉന്നയിക്കാനും നിർദേശിച്ചു. തിരുവനന്തപുരത്തെ ദേവി സ്‌കാൻസ് ഉൾപ്പെടെ പത്ത് സ്വകാര്യ ലാബുകളാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
സർക്കാർ തീരുമാനം
1700 രൂപയില്‍ നിന്നും 500 രൂപയാക്കിയാണ് ആർടിപിസിആർ പരിശോധന നിരക്ക് സംസ്ഥാന സർക്കാർ കുറച്ചത്. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയായിരുന്നു നടപടി. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് പുതുക്കിയ നിരക്ക്.
READ MORE:കൊവിഡ് പരിശോധനാനിരക്ക് തീരുമാനിക്കാൻ സർക്കാരിന് അധികാരമുണ്ടോയെന്ന് ഹൈക്കോടതി