എറണാകുളം: പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് മുമ്പായി ദമ്പതികള്‍ ഒരു വര്‍ഷം വേര്‍പിരിഞ്ഞ് ജീവിക്കണമെന്ന ക്രിസ്‌ത്യന്‍ വിവാഹ മോചന നിയമത്തിലെ വ്യവസ്ഥ റദ്ദ് ചെയ്‌ത് കേരള ഹൈക്കോടതി. ഹിന്ദു വിവാഹാനിയമം, സ്‌പെഷല്‍ മേരേജ് ആക്റ്റ് എന്നിവയിലെ വിവാഹമോചന വ്യവസ്ഥയില്‍ ഉള്ളത് പോലെ പ്രത്യേക സഹാചര്യത്തില്‍ ഒരു വര്‍ഷം വേര്‍പിരിഞ്ഞ് ജീവിക്കണമെന്ന വ്യവസ്ഥ ക്രിസ്ത്യന്‍ വിവാഹമോചനത്തിനും വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരസ്‌പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് രണ്ട് വര്‍ഷം വേര്‍പിരിഞ്ഞ് ജീവിക്കണമെന്നായിരുന്നു 1869ലെ ക്രിസ്‌ത്യന്‍ വിവാഹങ്ങള്‍ക്ക് ബാധകമയുള്ള വിവാഹ മോചന നിയമത്തിലെ വ്യവസ്ഥ. എന്നാല്‍ 2010ല്‍ ഹൈക്കോടതി ഇത് ഒരു വര്‍ഷമായി കുറയ്‌ക്കുകയായിരുന്നു.
2022 ജനുവരിയില്‍ വിവാഹിതരായ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. വിവാഹം കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് പരസ്‌പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിനായി ഇവര്‍ കുടുംബകോടതിയെ സമീപിക്കുന്നത്. എന്നാല്‍ 1869ല്‍ വിവാഹ മോചന നിയമത്തിലെ സെക്‌ഷന്‍ 10എ അനുസരിച്ചുള്ള വ്യവസ്ഥ ചൂണ്ടി കാണിച്ച് കുടുംബ കോടതി ഹര്‍ജി നിരസിക്കുകയായിരുന്നു.