എറണാകുളം: സിവിക് ചന്ദ്രൻ കേസിൽ വിവാദ പരാമർശം നടത്തിയ കോഴിക്കോട് മുൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയുടെ സ്ഥലംമാറ്റം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്‌തു. കോഴിക്കോട് ജില്ല ജഡ്‌ജിയായിരുന്ന എസ് കൃഷ്‌ണകുമാറിന്‍റെ സ്ഥലം മാറ്റമാണ് ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്‌തത്. കൃഷ്‌ണ കുമാർ നൽകിയ അപ്പീലിലാണ് കോടതി നടപടി.
അപ്പീൽ ഹർജി അടുത്ത ആഴ്‌ച ഡിവിഷൻ ബഞ്ച് വീണ്ടും പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ആയിരുന്ന എസ് കൃഷ്‌ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റ ഉത്തരവ് ചോദ്യം ചെയ്‌തുള്ള ഹർജി നേരത്തെ ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളിയിരുന്നു.