എറണാകുളം : രാജ്യാന്തര തലത്തില്‍ ഏറെ ശ്രദ്ധ നേടിയ സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രം 'കാന്താര'യിലെ 'വരാഹരൂപം' ഗാനം ഒടിടിയിലോ തിയേറ്ററിലോ പ്രദർശിപ്പിക്കുന്നതിനുള്ള താത്കാലിക വിലക്കിന് ഹൈക്കോടതിയുടെ സ്‌റ്റേ. കോഴിക്കോട് അഡിഷണൽ സെഷൻസ് കോടതി ഉത്തരവാണ് ജസ്‌റ്റിസ് കൗസർ എടപ്പഗത്ത് സ്‌റ്റേ ചെയ്‌തത്. 'കാന്താര'യുടെ നിർമാതാക്കളായ ഹൊംബാലെ ഫിലിംസ് സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
മാതൃഭൂമിയുടെ ഹർജിയിലായിരുന്നു 'വരാഹരൂപ'ത്തിന് കോഴിക്കോട് അഡിഷണൽ സെഷൻസ് കോടതി വിലക്കേർപ്പെടുത്തിയത്. തൈക്കുടം ബ്രിഡ്‌ജ് മാതൃഭൂമി മ്യൂസിക്കിന് വേണ്ടി ചിട്ടപ്പെടുത്തിയ 'നവരസം' ഗാനവുമായി 'കാന്താര'യിലെ 'വരാഹരൂപ'ത്തിന് സാമ്യമുണ്ടന്ന് പ്രാഥമികമായി വിലയിരുത്തിക്കൊണ്ടായിരുന്നു കീഴ്‌ക്കോടതിയുടെ വിലക്ക്.
നേരത്തെ സിനിമയുടെ നിർമ്മാതാവിന്‍റെയും സംവിധായകന്‍റെയും മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചുകൊണ്ടും ജാമ്യവ്യവസ്ഥ എന്നുള്ള രീതിയിൽ ഗാനം പ്രദർശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. കൂടാതെ സംഗീത സംവിധായകൻ, പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ആമസോൺ, യൂട്യൂബ്, സ്‌പോട്ടിഫൈ, വിങ്ക് മ്യൂസിക്, ഡിവോ മ്യൂസിക് ജിയോസാവൻ തുടങ്ങിയവയിലൂടെ ഗാനം തിയേറ്ററിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും പ്രദർശിപ്പിക്കുന്നതിൽ നിന്നും റിലീസ് ചെയ്യുന്നതിൽ നിന്നും സ്ട്രീം, വിതരണം എന്നിവ ചെയ്യുന്നതിൽ നിന്നും തടഞ്ഞിരുന്നു.
അതേസമയം' വരാഹരൂപം' ഗാനം കോപ്പിയടിച്ചതല്ലെന്ന് പ്രതികരിച്ച് സംവിധായകന്‍ ഋഷഭ് ഷെട്ടിയും രംഗത്തെത്തിയിരുന്നു. തൈക്കുടം ബ്രിഡ്‌ജിന്‍റെ നവരസയുമായി 'വരാഹരൂപ'ത്തിന് ബന്ധമില്ലെന്ന് ഋഷഭ് ഷെട്ടി അറിയിച്ചിരുന്നു.
സംവിധായകന്‍ ഋഷഭ് ഷെട്ടി തന്നെയാണ് സിനിമയില്‍ കേന്ദ്രകഥാപാത്രമായി എത്തിയതും. പ്രമോദ് ഷെട്ടി, അച്യുത് കുമാര്‍, സപ്‌തമി ഗൗഡ, കിഷോര്‍ തുടങ്ങിയവരും 'കാന്താര'യില്‍ സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ദക്ഷിണ കന്നഡയിലെ ഒരു സാങ്കൽപ്പിക ഗ്രാമത്തെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമായിരുന്നു 'കാന്താര'. ഒരു കംബള ചാമ്പ്യനായാണ് ചിത്രത്തില്‍ ഋഷഭ് ഷെട്ടി വേഷമിട്ടത്.
സെപ്‌റ്റംബര്‍ 30ന് തിയേറ്ററുകളിലെത്തിയ ചിത്രം 50 ദിവസം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഒടിടിയിലും എത്തിയിരുന്നു. മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ നാല് ഭാഷകളിലായി ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് 'കാന്താര' സ്‌ട്രീമിങ് നടത്തുന്നത്.
കന്നഡ സംസ്‌കാരവും മിത്തും കൂടിക്കലര്‍ന്ന 'കാന്താര'യ്ക്ക് രാജ്യത്തിന്‍റെ നാനാതുറങ്ങളില്‍ നിന്നും പ്രേക്ഷക നിരൂപക പ്രശംസകള്‍ ലഭിച്ചിരുന്നു. ബോക്‌സ് ഓഫിസിലും ചിത്രം മികച്ച വിജയം സ്വന്തമാക്കിയിരുന്നു.
'കാന്താര'യുടെ വിജയത്തെ തുടര്‍ന്ന് നിര്‍മാതാക്കള്‍ രണ്ടാം ഭാഗം പുറത്തിറക്കാനും തീരുമാനിച്ചു. ഇതിനോടകം തന്നെ 'കാന്താര 2'ന്‍റെ തിരക്കഥ ജോലികള്‍ നിര്‍മാതാക്കള്‍ ആരംഭിച്ചുകഴിഞ്ഞു. ഉഗാദി ആഘോഷത്തോടൊപ്പം 'കാന്താര'യുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള അപ്‌ഡേറ്റുമായി നിര്‍മാതാക്കള്‍ രംഗത്തെത്തിയിരുന്നു.
'കാന്താരയുടെ രണ്ടാം ഭാഗത്തിന്‍റെ രചന ആരംഭിച്ചതായി അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം വരച്ചുകാട്ടുന്ന മറ്റൊരു ആകർഷകമായ കഥ നിങ്ങൾക്ക് മുന്നില്‍ കൊണ്ടുവരുന്നതിന് വേണ്ടി ഞങ്ങൾക്ക് ഇനിയും കാത്തിരിക്കാന്‍ ആവില്ല. കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക.' - ഇപ്രകാരമായിരുന്നു രണ്ടാം ഭാഗത്തെ കുറിച്ച് ഹൊംബാലെ ഫിലിംസ് ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.
നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയാണ് 'കാന്താര'യുടെ പ്രീക്വൽ പ്രഖ്യാപിച്ചത്. 'കാന്താര' ബോക്‌സ് ഓഫിസില്‍ 100 ദിനങ്ങള്‍ പിന്നിട്ടതിന്‍റെ ആഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു ഋഷഭ് ഷെട്ടി ഇക്കാര്യം അറിയിച്ചത്. കാന്താരയെ അപാരമായി പിന്തുണയ്‌ക്കുകയും സ്‌നേഹിക്കുകയും ചെയ്‌ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഋഷഭ് ഷെട്ടി 'കാന്താര'യുടെ പ്രീക്വല്‍ പ്രഖ്യാപിച്ചത്.
'സർവശക്തനായ ദൈവത്തിന്‍റെ അനുഗ്രഹത്താൽ 'കാന്താര' 100 ദിവസം വിജയകരമായി പൂർത്തിയാക്കി. ഈ അവസരത്തില്‍ 'കാന്താര'യുടെ പ്രീക്വലിനെ കുറിച്ച് പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങൾ കണ്ടത് യഥാർഥത്തിൽ 'കാന്താര'യുടെ രണ്ടാം ഭാഗമാണ്. 'കാന്താര'യുടെ ഒന്നാം ഭാഗം അടുത്ത വര്‍ഷം വരും. 'കാന്താര'യുടെ ചരിത്രത്തിന് കൂടുതൽ ആഴം ഉള്ളതിനാൽ സിനിമയുടെ ചിത്രീകരണ സമയത്ത് എന്‍റെ മനസ്സിൽ ഈ ആശയം മിന്നിമറഞ്ഞിരുന്നു.
Also Read:പഞ്ചുരുളി ദൈവത്തിന്‍റെ കഥയുമായി കാന്താര 2; പ്രീക്വലിനെ കുറിച്ച് നിര്‍മാതാവ്
'കാന്താര'യുടെ തിരക്കഥയ്‌ക്കായി ഞങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ തേടുകയാണ്. സിനിമയ്‌ക്കായുള്ള ഗവേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. അതുകൊണ്ട് വളരെ നേരത്തെ തന്നെ കാന്താരയെ കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തുകയാണ്.' - ഋഷഭ് ഷെട്ടി പറഞ്ഞു.