എറണാകുളം :നവകേരള സദസിന് (Navakerala Sadas) സ്കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് സ്റ്റേ. നവകേരള സദസിനായി സംഘാടകർ ആവശ്യപ്പെടുന്ന പക്ഷം ഇന്ധനച്ചെലവും ഡ്രൈവറുടെ ബാറ്റയും ഈടാക്കിക്കൊണ്ട് സ്കൂള്‍ ബസുകൾ വിട്ടുനൽകണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത് (High Court On Using School Bus In Navakerala Sadas). കോടതി അനുമതി ഇല്ലാതെ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കരുതെന്ന് നിർദേശം നൽകിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിഷയത്തിൽ സർക്കാരിനോട് വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്കൂള്‍ ബസുകൾ വിദ്യാഭ്യാസേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ നിയമം അനുശാസിക്കുന്നുണ്ടോ എന്നതിലടക്കമാണ് സർക്കാർ വിശദീകരണം നൽകേണ്ടത്. കാസർകോട് സ്വദേശി നൽകിയ ഹർജിയിലാണ് കോടതി നടപടി.
വിദ്യാർഥിനിയായ തന്റെ മകളും മറ്റു കുട്ടികളും സ്കൂൾ ബസ് ഉപയോഗിക്കുന്നതാണെന്നും, പ്രവർത്തി ദിവസം ബസ് വിട്ടു നൽകാൻ ഉള്ള നിർദേശം സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നുമാണ് ഹർജിക്കാരന്റെ വാദം. മാത്രവുമല്ല മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരവും പെർമിറ്റ് പ്രകാരവും സ്കൂൾ ബസുകൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ. നിയമവിരുദ്ധമായിറക്കിയ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹര്ജിക്കാരന് കോടതിയില്‍ ആവശ്യപ്പെട്ടത്.