എറണാകുളം:പോപ്പുലര്‍ ഫ്രണ്ട് മിന്നൽ ഹര്‍ത്താലിലെ അക്രമസംഭവങ്ങളിലുണ്ടായ നഷ്‌ടം ഈടാക്കുന്നതിനായി ജപ്‌തി നടപടികളിലൂടെ പിടിച്ചെടുത്ത വസ്‌തുവകകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. സ്വത്ത് കണ്ട് കെട്ടിയവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം വിശദമാക്കുന്ന സത്യവാങ്മൂലവും സമർപ്പിക്കണം. പിടിച്ചെടുത്ത വസ്‌തുവകകൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാരിന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിർദേശം നൽകിയത്.
പോപ്പുലർ ഫ്രണ്ട് ജപ്‌തി; കണ്ടുകെട്ടിയ വസ്‌തുക്കളുടെ വിവരം അറിയിക്കണമെന്ന് ഹൈക്കോടതി - ernakulam local news
പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് ജപ്‌തി നടപടികളിലൂടെ പിടിച്ചെടുത്ത വസ്‌തുവകകളുടെ വിവരങ്ങൾ അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതിയുടെ നിർദ്ദേശം.
ജപ്‌തി നടപടികൾ നേരിട്ടവർക്ക് പിഎഫ്ഐയുമായുള്ള ബന്ധം വ്യക്തമാക്കുന്ന വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശമുണ്ട്. അതിനിടെ തന്‍റെ സ്വത്തുവകകൾ അന്യായമായി ജപ്‌തി ചെയ്‌തുവെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി ടിപി യൂസഫ് കക്ഷി ചേരൽ അപേക്ഷ നൽകി.
'പിഎഫ്ഐയുമായി തനിക്ക് യാതൊരു ബന്ധവുമില്ല. പിഎഫ്ഐ ആശയങ്ങൾ എതിർക്കുന്ന ആളാണ് താൻ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ തന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയെന്നും അപേക്ഷയിൽ പറയുന്നു'. കക്ഷി ചേരൽ അപേക്ഷയടക്കം ഹൈക്കോടതി ഫെബ്രുവരി രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.
സംസ്ഥാനത്താകെ 248 പിഎഫ്ഐ നേതാക്കളുടെ സ്വത്തുവകകൾ ആണ് ഹർത്താൽ ആക്രമണ കേസുകളുമായി ബന്ധപ്പെട്ട് ജപ്‌തി ചെയ്‌തത്. പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്നും പൊതുമുതൽ നശിപ്പിച്ച വകയിൽ 5.2 കോടി രൂപ നഷ്‌ടപരിഹാരം ഈടാക്കണമെന്ന സെപ്‌റ്റംബർ 29 ലെ കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു ജപ്‌തി നടപടികൾ.