എറണാകുളം: വോട്ടെണ്ണൽ ദിനത്തിൽ ലോക്ക് ഡൗൺ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളി. കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ സർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും സ്വീകരിച്ച നടപടികളിൽ തൃപ്തിയുണ്ടെന്ന് കോടതി വ്യക്തമാക്കി.സർക്കാരിൻ്റെയും തെരഞ്ഞെടുപ്പ് കമ്മിഷൻ്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
വോട്ടെണ്ണല്‍ ദിനം കണക്കിലെടുത്ത് കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷനും സർക്കാരും കോടതിയെ അറിയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോടതി വിധി. കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനത്ത് വോട്ടണ്ണൽ ദിനത്തിൽ ജനങ്ങൾ വൻതോതിൽ കൂട്ടം കൂടുകയും, വിജയാഹ്ളാദ പ്രകടനം നടത്തുകയും ചെയ്യുന്നത് സ്ഥിതി ഗുരുതരമാക്കുമെന്നായിരുന്നു അഡ്വ. വിനോദ് മാത്യുവിന്‍റെ ഹർജി. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജനങ്ങൾ ഒത്തുകൂടുന്നത് തടയണമെന്നായിരുന്നു ആവശ്യം.