കേരളം

kerala

ETV Bharat / state

ലൈഫ് മിഷൻ കോഴ ഇടപാട്: എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ലൈഫ് മിഷൻ അഴിമതിയിലെ മുഖ്യ ആസൂത്രകൻ എം ശിവശങ്കറാണെന്നും, പ്രതിക്കെതിരെ ശക്‌തമായ തെളിവുകളുണ്ടെന്നും ഇഡി ഹൈക്കോടതിയിൽ

എം ശിവശങ്കർ  ലൈഫ്‌മിഷൻ കോഴ ഇടപാട്  ലൈഫ്‌മിഷൻ  ശിവശങ്കർ ലൈഫ് മിഷൻ  എം ശിവശങ്കറിന് ജാമ്യമില്ല  ഇഡി  എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്  എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  ഹൈക്കോടതി  ലൈഫ് മിഷൻ അഴിമതി  High court rejects bail plea of M Sivasankar  M Sivasankar  Life Mission  LIFE Mission bribery case
എം ശിവശങ്കർ

By

Published : Apr 13, 2023, 4:25 PM IST

എറണാകുളം:ലൈഫ്‌ മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്‌ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യമില്ല. ശിവശങ്കറിന്‍റെ ജാമ്യ ഹർജി ഹൈക്കോടതിയും തള്ളി. ജാമ്യം നൽകരുതെന്ന ഇ.ഡിയുടെ വാദങ്ങൾ അംഗീകരിച്ചാണ് കോടതി നടപടി.

ലൈഫ് മിഷൻ അഴിമതിയിലെ മുഖ്യ ആസൂത്രകൻ എം ശിവശങ്കറാണെന്നും ഇത് സാധൂകരിക്കുന്ന ശക്തമായ തെളിവുകളുണ്ടെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. സ്വപ്‌നയുടേത് ഉൾപ്പെടെ വാട്‌സ്ആപ്പ് ചാറ്റുകളും സന്തോഷ് ഈപ്പന്‍റെയടക്കമുള്ള ബാങ്ക് ഇടപാടുകളും ശിവശങ്കറിന്‍റെ പങ്ക് വ്യക്തമാക്കുന്നതാണ്.

ശിവശങ്കറിനെതിരായ സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ കൈക്കൂലി കേസ്, ലൈഫ് മിഷൻ അഴിമതിയിലൂടെ ലഭിച്ച പണം ഡോളറാക്കി കടത്തിയെന്ന കേസ് തുടങ്ങിയവ വ്യത്യസ്‌തമായവയാണ്. വിദേശ സംഭാവന നിയന്ത്രണ ചട്ടം, കള്ളപ്പണം തടയൽ നിയമം എന്നിവ പ്രകാരം എടുത്ത കേസിൽ ഇ.ഡി സ്വതന്ത്രമായാണ് അന്വേഷണം നടത്തുന്നത്.

അതുകൊണ്ട് തന്നെ മറ്റ് കേസുകളിൽ ജാമ്യം ലഭിച്ചത് ഇ.ഡി കേസിൽ പരിഗണിക്കാനാകില്ലെന്നുമായിരുന്നു ശിവശങ്കറിന്‍റെ ജാമ്യ ആവശ്യത്തെ എതിർത്തു കൊണ്ടുള്ള എൻഫോഴ്‌സ്മെന്‍റിന്‍റെ വാദങ്ങൾ. ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇഡി വാദിച്ചിരുന്നു.

അതേസമയം തന്നെ ഇ.ഡി വേട്ടയാടുകയാണെന്നും കേസുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കുന്ന യാതൊരു തെളിവുകളും ഇല്ലെന്നുമായിരുന്നു ജാമ്യാപേക്ഷയിൽ ശിവശങ്കറിന്‍റെ മറുവാദം. ചോദ്യം ചെയ്യലുമായി താൻ സഹകരിച്ചെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ശിവശങ്കർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇവയെല്ലാം കേസ് പരിഗണിച്ച ബെഞ്ച് തള്ളുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 14 നാണ് മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം എം.ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്‌തത്. കീഴ്‌ക്കോടതി ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്.

ലൈഫ് മിഷൻ അഴിമതി: യുഎഇ കോൺസുലേറ്റ് വഴി റെഡ് ക്രസന്‍റ് അനുവദിച്ച പണം ചെലവഴിച്ച് സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയിലൂടെ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലെ 140 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാൻ ഉദ്ദേശിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് കോഴ ഇടപാട് കേസ് രജിസ്‌റ്റർ ചെയ്‌തത്.

ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാനായി ശിവശങ്കര്‍, സ്വപ്‌ന സുരേഷ് എന്നിവര്‍ ഉൾപ്പെടെയുള്ള പ്രതികൾക്ക് കൈക്കൂലി നല്‍കിയതായി യൂണിടാക് മാനേജിങ് ഡയറക്‌ടർ സന്തോഷ് ഈപ്പൻ മൊഴി നല്‍കിയിരുന്നു. കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും ശിവശങ്കര്‍ കോഴപ്പണം കൈപ്പറ്റി എന്നും പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും മൊഴി നല്‍കിയിരുന്നു.

പിന്നാലെ ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച ലൈഫ് മിഷൻ കമ്മിഷനായിരുന്നുവെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. ഇതിന് പിന്നാലെയാണ് ലൈഫ് മിഷൻ കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി ഇഡി എം ശിവശങ്കറിനെ അറസ്‌റ്റ് ചെയ്‌തത്.

കെടി റമീസും അറസ്റ്റിൽ: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി കെ ടി റമീസിനെ ഏപ്രിൽ ഏഴിന് ഇഡി അറസ്റ്റ് ചെയ്‌തിരുന്നു. ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തിയ ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഇഡി അന്വേഷിക്കുന്ന സ്വർണക്കടത്ത് കേസിലെ അഞ്ചാം പ്രതിയാണ് കെടി റമീസ്.

ALSO READ:നയതന്ത്ര സ്വർണ്ണക്കടത്ത്: മുഖ്യ സൂത്രധാരൻ കെ ടി റമീസ് അറസ്റ്റിൽ

ABOUT THE AUTHOR

...view details