എറണാകുളം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന പരാതി ലോകായുക്ത ഫുൾബെഞ്ചിന് വിട്ടത് ചോദ്യം ചെയ്‌തുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ ഇടപെടാൻ മതിയായ കാരണങ്ങളില്ലെന്ന് വിലയിരുത്തിയാണ് നടപടി. പരാതിയിൽ വിശദമായി വാദം കേട്ട ശേഷം മൂന്നംഗ ഫുൾ ബെഞ്ചിനുവിട്ട ലോകായുക്ത രണ്ടംഗ ബെഞ്ചിന്‍റെ വിധി ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വി ജി അരുൺ എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു.
ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും 18 മന്ത്രിമാർക്കും എതിരെയായിരുന്നു പരാതി സമർപ്പിച്ചത്. ഇത് വിശദമായി പരിഗണിക്കാൻ ഫുൾ ബെഞ്ചിലേക്ക് വിട്ടുകൊണ്ടായിരുന്നു ലോകായുക്ത രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവ്. ഇതിനെതിരെ പരാതിക്കാരനായ മുൻ കേരള സർവകലാശാല ഉദ്യോഗസ്ഥന്‍ ആർ എസ് ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
പരേതനായ എൻസിപി നേതാവ് ഉഴവൂർ വിജയന്‍റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷവും പരേതനായ ചെങ്ങന്നൂർ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റന്‍റ് എൻജിനീയർ ജോലിക്ക് പുറമേ ഭാര്യയുടെ സ്വർണപ്പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്‌പയ്ക്കുമായി എട്ടര ലക്ഷവും അനുവദിച്ചതിൽ അഴിമതി ആരോപിച്ചായിരുന്നു ലോകായുക്തയ്ക്ക് മുന്നിൽ പരാതി സമർപ്പിച്ചത്.
ഹർജിയിലെ ആരോപണം : എൻസിപി നേതാവ് ഉഴവൂർ വിജയന്‍റെയും 2017 ഒക്ടോബർ 4 ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാഹനത്തിന് അകമ്പടി പോകുന്നതിനിടയിൽ അപകടത്തിൽ മരിച്ച പ്രവീൺ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെയും 2018 ജനുവരി 24 ന് അന്തരിച്ച ചെങ്ങന്നൂർ എംഎൽഎ കെകെ രാമചന്ദ്രൻ്റെയും കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് തുക വഴി വിട്ട് നൽകിയതായാണ് ഹർജിയിലെ ആരോപണം.
ഈ കുടുംബങ്ങള്‍ക്ക് നൽകിയ തുകകൾ ഔട്ട് ഓഫ് അജണ്ട പ്രകാരമാണ് എന്നായിരുന്നു ശിവകുമാറിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എന്നാൽ മന്ത്രിസഭയുടെ തീരുമാന പ്രകാരമാണ് പണം അനുവദിച്ചത് എന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ധനസഹായ പദ്ധതിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിൽ അനുവദിക്കാൻ മുഖ്യമന്ത്രിക്ക് ഒറ്റയ്ക്ക് കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Read more :'മന്ത്രിസഭ എടുത്ത തീരുമാനങ്ങൾ ലോകായുക്തയുടെ പരിധിയിൽ വരുമോ?': ദുരിതാശ്വാസ നിധി വിധിയിലെ ഭിന്ന അഭിപ്രായം
ഇതിനിടെ കേസ് പരിഗണിച്ച ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നീ ജസ്റ്റിസുമാർക്കിടയിൽ ഭിന്ന അഭിപ്രായങ്ങൾ ഉണ്ടായി. മന്ത്രിസഭ എടുത്ത തീരുമാനങ്ങളില്‍ അന്വേഷണം നടത്തുന്നത് ലോകായുക്തയുടെ പരിധിയിൽ വരുമോ ഇല്ലയോ എന്ന വിഷയത്തിലായിരുന്നു ഭിന്ന അഭിപ്രായങ്ങൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം നൽകുവാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിൻ്റേതാണെന്നും ഇതിൽ മുഖ്യന്ത്രിയോ മറ്റ് മന്ത്രിമാരോ സ്വജനപക്ഷപാതം നടത്തി എന്ന് എങ്ങനെ കണക്കാക്കാൻ കഴിയുമെന്നും ലോകായുക്‌ത ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചിരുന്നു. വ്യത്യസ്‌ത അഭിപ്രായങ്ങളിൽ ഉറച്ചുനിന്നതോടെ തുടർവാദം കേൾക്കുന്നതിന് വേണ്ടി ഫുൾ ബെഞ്ചിലേക്ക് കേസ് മാറ്റുകയായിരുന്നു.