കൊച്ചി: യുഎപിഎ നിയമപ്രകാരം കോഴിക്കോട് അറസ്റ്റിലായ അലൻ ഷുഹൈബിന്‍റെയും താഹ ഫസലിന്‍റെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം പുരോഗമിക്കുന്നതിനാൽ ജാമ്യം നൽകാനാവില്ലെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന രേഖകൾ ഉണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതിനാൽ ജാമ്യം നൽകാനാവില്ലെന്നുമുളള സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്.
യുഎപിഎ കേസ് ;അലനും താഹക്കും ജാമ്യമില്ല - യുഎപിഎ കേസ്
കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നായിരുന്നു ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്
കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ് കണ്ടെടുത്ത ലഘുലേഖകളും പോസ്റ്ററുകളും യുഎപിഎ നിയമം ചുമത്താൻ ഗൗരവമുള്ളതല്ല എന്നാണ് അലനും താഹയും കോടതിയെ അറിയിച്ചത്. തങ്ങളുടെ കൈവശം എഫ്ഐആറിന്‍റെയും റിമാൻഡ് റിപ്പോർട്ടിന്‍റെയും പകർപ്പുകൾ അല്ലാതെ മറ്റൊന്നുമില്ലെന്നും കേസ് ഡയറി പരിശോധിച്ച് കോടതി തീരുമാനം എടുക്കണമെന്നുമാണ് ഹർജിക്കാർ വാദിച്ചത്. അന്വേഷണം പ്രാഥമികഘട്ടത്തിൽ ആയതിനാൽ ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്. കേസ് ഡയറി പൊലീസ് നേരത്തെ തന്നെ ഹൈക്കോടതിക്ക് കൈമാറിയിരുന്നു.
പന്തീരാങ്കാവ് പൊലീസാണ് അലനും താഹക്കും യുഎപിഎ ചുമത്തിയത്. നിലവിൽ ഈ മാസം 30 വരെ ഇരുവരെയും കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.