എറണാകുളം:ജഡ്ജിമാര്‍ക്കെന്ന പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സൈബി ജോസിനെതിരെയുളള ആരോപണം അതീവ ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അറസ്റ്റ് തടയണം എന്ന ആവശ്യവും തള്ളിയ കോടതി അന്വേഷണത്തെ എന്തിന് ഭയക്കണമെന്നു ചോദിച്ചു.
സത്യം പുറത്തുവരട്ടയെന്ന് കോടതി പറഞ്ഞു. അന്വേഷണം പ്രാരംഭഘട്ടത്തിൽ മാത്രമാണ്. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷം അതിനെ ചോദ്യം ചെയ്ത് വരുന്നതല്ലെ ഉചിതമെന്നും സിംഗിൾബെഞ്ച് ചോദിച്ചു. എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന സൈബിയുടെ ആവശ്യത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജുഡീഷ്യറിയെ ഒന്നാകെ ബാധിച്ച വിഷയമാണിത്. കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതിന്‍റെ തൊട്ടടുത്ത ദിവസം തന്നെ ധൃതിയിൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത് അപക്വമാണെന്നും കോടതി വിലയിരുത്തി. ചില അഭിഭാഷകരുടെ വ്യക്തി വൈരാഗ്യമാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും അറസ്റ്റ് തടയണമെന്ന ആവശ്യവും സൈബിയുടെ അഭിഭാഷകർ കോടതിയിൽ മൂന്നോട്ടു വച്ചെങ്കിലും ജസ്റ്റിസ് കൗപ്പർ എടപ്പഗത്ത് ഇതു തള്ളി.