എറണാകുളം : കാട്ടാക്കട ക്രിസ്‌ത്യന്‍ കോളജിലെ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തിയ കേസിൽ അറസ്‌റ്റ് തടയണമെന്ന എസ്എഫ്ഐ നേതാവ് വിശാഖിന്‍റെ ആവശ്യം തള്ളി ഹൈക്കോടതി. വിശാഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിന്‍റെ നിലപാട് തേടിയ കോടതി ഹർജി ബുധനാഴ്‌ചത്തേക്ക് മാറ്റി. പ്രിൻസിപ്പാളാണ് ഉത്തരവാദിയെന്ന് വിശാഖ് വാദിച്ചെങ്കിലും വിശാഖിന്‍റെ പേരെഴുതി വച്ചിട്ട് പ്രിൻസിപ്പാളിന് എന്ത് കാര്യമെന്ന മറുചോദ്യം ഹൈക്കോടതി ഉയർത്തി.
താൻ നിരപരാധിയാണ്. പ്രിൻസിപ്പാളിന്‍റെ നടപടിയെക്കുറിച്ച് തനിക്ക് അറിയില്ല. ആരോഗ്യപരമായ കാരണങ്ങളാൽ വിജയിച്ച സ്ഥാനാർഥി സ്വമേധയാ പിന്മാറിയതുകൊണ്ടാണ് തന്‍റെ പേര് പ്രിൻസിപ്പാള്‍ ആ സ്ഥാനത്തേക്ക് ചേർത്തത്. തെരഞ്ഞെടുപ്പ് നടക്കാതെ ഐകകണ്ഠേനയാണ് സ്ഥാനാർഥികളെല്ലാം തെരഞ്ഞെടുക്കപ്പെട്ടിരുന്നത് എന്നിങ്ങനെയാണ് ഹർജിയിൽ പ്രതിയുടെ വാദങ്ങൾ. കേസിൽ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും വാദമുണ്ട്. കേസിലെ രണ്ടാം പ്രതിയാണ് ഒളിവിൽ കഴിയുന്ന വിശാഖ്.
ആള്‍മാറാട്ടം ഇങ്ങനെ : ഇക്കഴിഞ്ഞ മെയ് 17 നാണ് കാട്ടാക്കട ക്രിസ്ത്യൻ കോളജ് തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം സംബന്ധിച്ച വാർത്ത പുറത്തുവരുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ച യുയുസി അനഘയുടെ പേരിന് പകരം യൂണിവേഴ്‌സിറ്റിയ്‌ക്ക് കൈമാറിയത് എസ്എഫ്‌ഐ നേതാവ് വിശാഖിന്‍റെ പേരായിരുന്നു. സംഭവത്തിൽ ഗവർണർ ഇടപെട്ടതോടെ പ്രിൻസിപ്പാളിനും വിശാഖിനുമെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സർവകലാശാല തീരുമാനിച്ചു. പിന്നാലെ മെയ് 21 ന് സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയിൽ കാട്ടാക്കട പൊലീസ് കേസെടുക്കുകയായിരുന്നു.
വിവാദത്തിന് പിന്നാലെ നടപടികളും :യൂണിയന്‍ തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ടത്തില്‍ കാട്ടാക്കട ക്രിസ്ത്യൻ കോളജിന് കേരള സർവകലാശാല ഭീമന്‍തുക പിഴയിട്ടിരുന്നു. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ (യുയുസി) തെരഞ്ഞെടുപ്പിൽ നടന്ന തിരിമറിയെ തുടർന്ന് 1,55,938 രൂപയാണ് ക്രിസ്ത്യൻ കോളജിന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിഴയിട്ടത്. യുയുസി ആൾമാറാട്ടത്തെ തുടര്‍ന്ന് സർവകലാശാല തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ടി വന്ന സാഹചര്യത്തിലായിരുന്നു സിന്‍ഡിക്കേറ്റിന്‍റെ നടപടി.