എറണാകുളം: നയതന്ത്ര സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്‍റെ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കി. കോഫെപോസ ചുമത്തിയതിനെതിരെ സ്വപ്‌ന സുരേഷിന്‍റെ അമ്മ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നടപടി.
സ്വർണക്കടത്ത് കേസിൽ പിടിയിലായതിന് പിന്നാലെയായിരുന്നു കസ്റ്റംസ് ശുപാർശ പ്രകാരം കോഫെ പോസ ബോർഡ് സ്വപ്‌നക്കെതിരെ കുറ്റം ചുമത്തിയത്. എന്നാൽ തന്‍റെ മകൾക്കെതിരെ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാതെയാണ് കൊഫേ പോസ ചുമത്തിയതെന്നായിരുന്നു ഹർജിക്കാരിയുടെ വാദം.
സാമ്പത്തിക കുറ്റകൃത്യങ്ങളിൽ സ്ഥിരമായി ഏർപ്പെടുന്നവർക്കെതിരെയാണ് കോഫെ പോസ ചുമത്താൻ കഴിയുക. സ്വതന്ത്രമായി പുറത്തിറങ്ങിയാൽ ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വീണ്ടും ഏർപ്പെടാനുളള സാധ്യതയുണ്ടാകണം. എന്നാൽ ഇത്തരം കാര്യങ്ങളൊന്നും കുറ്റം ചുമത്താൻ ശുപാർശ ചെയ്ത കസ്റ്റംസോ, കോഫെ പോസ ബോർഡോ പരിഗണിച്ചില്ല. ഈ സാഹചര്യത്തിൽ കോഫെ പോസ ചുമത്തിയത് റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.