എറണാകുളം: കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡിസ് നിയമനം റദ്ദാക്കി ഹൈക്കോടതി. ചാൻസലറായ ഗവർണർ അറിയാതെ നടത്തിയ നിയമനം ചട്ടവിരുദ്ധമെന്ന് ചൂണ്ടികാണിച്ചാണ് ഡിവിഷൻ ബെഞ്ച് നിയമനം റദ്ദാക്കിയത്. നിയമനം ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവ് അസാധുവാക്കിയാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
യൂണിവേഴ്‌സിറ്റി ചാൻസലർ കൂടിയായ ഗവർണറുടെ അനുമതി ഇല്ലാതെ വിവിധ പഠന ബോർഡ് അംഗങ്ങളുടെ നിയമനം നടത്തിയത് ചോദ്യം ചെയ്തായിരുന്നു ഹർജി. സെനറ്റ് അംഗം വി. വിജയകുമാർ, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ. പി. ജോസ് എന്നിവരാണ് വിഷയത്തിൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ചാൻസലർ അറിയാതെ സർവകലാശാല പഠന ബോർഡുകൾ പുനസംഘടിപ്പിച്ച സർവകലാശാലയുടെ നടപടി
ചട്ടവിരുദ്ധമാണെന്ന് ഗവർണറുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇത് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. വിവിധ വിഷയങ്ങൾക്കുള്ള 72 ബോർഡുകളാണ് പുനഃസംഘടിപ്പിച്ചത്. രണ്ട് വർഷമാണ് ബോർഡുകളുടെ കാലാവധി.