എറണാകുളം:കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ചാൻസലറായ ഗവർണറുടെ നടപടി ഹൈക്കോടതി സിംഗിൾ ബഞ്ച് റദ്ദാക്കി. ചാൻസലറായ ഗവർണറുടെ തീരുമാനം നിലനിൽക്കില്ലെന്ന് കണ്ടെത്തിയ കോടതി, നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട സെനറ്റംഗങ്ങൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസ് സതീഷ് നൈനാന്‍റെ ബെഞ്ചാണ് ഹർജികളിൽ വിധി പറഞ്ഞത്.
ഗവർണറുടെ നടപടി ചട്ടവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. താൻ നാമനിർദേശം ചെയ്‌ത സെനറ്റ് അംഗങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപെട്ടതിനെ തുടർനാണ് പുറത്താക്കിയതെന്ന് ചാൻസലറായ ഗവർണർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഗവർണർ നാമനിർദേശം ചെയ്‌തവരാണെങ്കിലും സ്വതന്ത്രമായ തീരുമാനം എടുക്കാൻ സെനറ്റ് അംഗങ്ങൾക്ക് അവകാശമുണ്ടെന്നായിരുന്നു സർക്കാരിന്‍റെ വാദം.
വി സി നിയമനത്തിനായി രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് അംഗീകരിക്കാനായി വിളിച്ചു ചേർത്ത സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് പുറത്താക്കിയതെന്നായിരുന്നു ഹർജിക്കാരുടെ വാദം. ചാൻസലറായ തന്‍റെ നടപടികൾക്കെതിരെ ഹർജിക്കാർ പ്രവർത്തിച്ചത് കൊണ്ടാണ് പ്രീതി പിൻവലിച്ചതെന്നും, സെനറ്റ് താനുമായി നിഴൽ യുദ്ധം നടത്തുകയായിരുന്നുവെന്നും ഗവർണറും കോടതിയെ അറിയിച്ചിരുന്നു.
കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളെ പുറത്താക്കികൊണ്ടുള്ള ഉത്തരവ് ഗവര്‍ണര്‍ പുറത്തിറക്കിയത്. 15 ഇടതുപക്ഷ സെനറ്റ് അംഗങ്ങള്‍ക്ക് എതിരെയായിരുന്നു ഗവര്‍ണറുടെ നടപടി. ഗവര്‍ണര്‍ നിലപാട് കടുപ്പിക്കുന്നതിന് മുന്‍പ് ചേര്‍ന്ന സെനറ്റ് യോഗത്തില്‍ ഇവര്‍ പങ്കെടുത്തിരുന്നില്ല.
ഇതിന് പിന്നാലെ ഇവരെ പുറത്താക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസിക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ ഈ ഉത്തരവ് നിയമവിരുദ്ധമാണെന്നായിരുന്നു വിസിയുടെ മറുപടി. വിസിയുടെ മറുപടി സ്വീകരിക്കാതിരുന്ന ഗവര്‍ണര്‍ സെനറ്റ് അംഗങ്ങളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.
ഗവര്‍ണറുടെ ഉത്തരവ് വിസി നടപ്പിലാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് അസാധാരണ നടപടിയിലൂടെ സെനറ്റ് അംഗങ്ങളെ പുറത്താക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചത്. ഗവര്‍ണര്‍ സ്വമേധയ ആയിരുന്നു അംഗങ്ങളെ പുറത്താക്കികൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
തുടര്‍ന്ന് 95 സെനറ്റ് അംഗങ്ങളെയും സര്‍വകലാശാലയേയും ഗവര്‍ണര്‍ തന്നെ ഇക്കാര്യം അറിയിച്ചു.
കെടിയുവിലും ഗവര്‍ണര്‍ക്ക് തിരിച്ചടി:നേരത്തെ കേരള സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ റദ്ധ് ചെയ്‌തതിലും ഹൈക്കോടതിയില്‍ നിന്ന് ഗവര്‍ണര്‍ക്ക് തിരിച്ചടിയാണ് ഉണ്ടായത്. സിന്‍ഡിക്കേറ്റിനായി ഐബി സതീഷ് എംഎല്‍എയായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സര്‍വകലാശാലയ്‌ക്ക് കീഴിലുള്ള ദൈനംദിന പ്രവർത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിന്‍റെ ചുമതലയുണ്ടായിരുന്ന ഉപസമിതിയെ ഉള്‍പ്പടെ റദ്ധാക്കിയതടക്കമുള്ള ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്‌തായിരുന്നു എംഎല്‍എയുടെ ഹര്‍ജി. സിൻഡിക്കേറ്റ്, ബോർഡ് ഓഫ് ഗവേണേഴ്‌സ് എന്നിവയുടെ തീരുമാനങ്ങൾ താത്കാലിക വി സിയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗവർണർ റദ്ദാക്കിയത്.
ഗവര്‍ണറുടെ ഉത്തരവ് നിയമപരമല്ല, തീരുമാനമെടുത്ത സമിതികളെ കേള്‍ക്കാതെയുള്ള നടപടി സര്‍വകലാശാല നിയമത്തിന് എതിരാണ് എന്നും എംഎല്‍എ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിൻഡിക്കേറ്റിന് റിപ്പോർട്ട് ചെയ്യണം, വിസിയെ നിയന്ത്രിക്കുന്നതിനായി പ്രത്യേക സമിതി, ജീവനക്കാരെ മാറ്റിയ വിസിയുടെ നടപടി പരിശോധിക്കാന്‍ സമിതി തുടങ്ങിയ തീരുമാനങ്ങളായിരുന്നു ഗവർണർ തടഞ്ഞത്.