എറണാകുളം : വിവാദ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരായ വഞ്ചന കേസ് ഹൈക്കോടതി റദ്ദാക്കി. ചേരാനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. കോതമംഗലം സ്വദേശിയുടെ പരാതിയിലായിരുന്നു കേസ്. പരാതിക്കാരന്‍റെ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി ജോസ്. ഇവർ കുടുംബ കോടതിയിൽ നൽകിയ കേസിൽ നിന്നും പിന്മാറാൻ അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നായിരുന്നു സൈബി ജോസിനെതിരായ പരാതി.
'ജസ്റ്റിസ് രാജ വിജയ രാഘവന്‍റേതാണ് കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ്. കേസിൽ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ തെളിവില്ലെന്ന് പൊലീസ് നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പണം ആവശ്യപ്പെട്ടതിനും വാങ്ങിയതിനും തെളിവില്ലെന്നായിരുന്നു റിപ്പോർട്ട്.
Also Read :Unni mukundan case | പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലായി; ഉണ്ണി മുകുന്ദനെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു
ഇതിന് പുറമെ, ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിലും സൈബി ജോസ് പ്രതിയാണ്. ഹൈക്കോടതി വിധി അനുകൂലമാക്കിത്തരാമെന്ന് പറഞ്ഞ് ജഡ്‌ജിമാർക്ക് കൊടുക്കാനെന്ന പേരിൽ കക്ഷികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയെന്നായിരുന്നു പ്രസ്‌തുത കേസ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പ്രാഥമികാന്വേഷണം നടത്തിയതിന് ശേഷം എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സൈബിയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചനാക്കുറ്റവുമാണ് സൈബി ജോസിനെതിരെ ഈ കേസിൽ പൊലീസ് ചുമത്തിയിട്ടുള്ളത്.
ജഡ്‌ജിമാരുടെ പേരിൽ കൈക്കൂലി : പല കേസുകളിലായി അനുകൂല വിധിയും മുൻകൂർ ജാമ്യവും വാങ്ങി നൽകാമെന്ന പേരിൽ കക്ഷികളുടെ കൈയിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന ആരോപണമാണ് അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനെതിരെയുള്ളത്. ജഡ്‌ജിയുടെ പേരിൽ 72 ലക്ഷം രൂപ കൈക്കൂലിയായി കൈപ്പറ്റിയെന്ന് വിജിലൻസിന് നാല് അഭിഭാഷകർ മൊഴി നൽകിയിരുന്നു. ഒരു ജഡ്‌ജിയുടെ പേരിൽ മാത്രം 50 ലക്ഷം രൂപ കൈപ്പറ്റിയതായാണ് ആരോപണമുള്ളത്.
Also Read :കോഴ വാങ്ങിയിട്ടില്ല, ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗം; ബാര്‍ കൗണ്‍സിലിന് വിശദീകരണം നല്‍കി സൈബി ജോസ്
എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്‌ത പീഡനക്കേസിൽ നിർമാതാവിൽ നിന്ന് 25 ലക്ഷം രൂപയും ഫീസ് ആയി 15 ലക്ഷം രൂപയും സൈബി ജോസ് വാങ്ങിയെന്നും ആരോപണമുണ്ട്. മൂന്ന് ജഡ്‌ജിമാരുടെ പേരിൽ ഇത്തരത്തിൽ സൈബി ജോസ് വൻ തോതിൽ പണം കൈപ്പറ്റിയെന്ന വിജിലൻസിന്‍റെ റിപ്പോർട്ടും പുറത്തുവന്നിരുന്നു. എന്നാൽ താൻ ഒരിക്കലും ജഡ്‌ജിക്ക് കൊടുക്കാൻ എന്ന നിലയിൽ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും അഭിഭാഷക ഫീസ് മാത്രമാണ് കൈപ്പറ്റിയിട്ടുള്ളതെന്നും ഹൈക്കോടതി വിജിലൻസിന് മുൻപാകെ സൈബി ജോസ് കിടങ്ങൂർ മൊഴി നൽകിയിരുന്നു.
Read More :ജഡ്‌ജിമാരുടെ പേരിൽ കോഴ: അന്വേഷണം വൈകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ഹൈക്കോടതി