കേരളം

kerala

ETV Bharat / state

അമൽജ്യോതി എഞ്ചിനിയറിങ് കോളജിന് ഒരു മാസത്തേക്ക് പൊലീസ് സംരക്ഷണം നൽകണം; ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി

വിദ്യാർഥിനിയുടെ ആത്മഹത്യയെ തുടർന്നുള്ള പ്രതിഷേധത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോളജ് നൽകിയ ഹർജിയിലാണ് കോടതി നടപടി

highcourt ordered one month protection  amaljyothi engineering school  amaljyothi  sredha suresh  suicide of student  r bindhu  latest news today  അമൽജ്യോതി  അമൽജ്യോതി എഞ്ചിനിയറിങ് കോള്  ഹൈക്കോടതി  വിദ്യാർഥിനിയുടെ ആത്മഹത്യ  ശ്രദ്ധ സുരേഷ്  ആര്‍ ബിന്ദു  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
അമൽജ്യോതി എഞ്ചിനിയറിങ് കോളജിന് ഒരു മാസത്തേക്ക് പൊലീസ് സംരക്ഷണം നൽകണം; ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി

By

Published : Jun 9, 2023, 5:04 PM IST

എറണാകുളം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിങ് കോളജിന് ഒരു മാസത്തേക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശം. ജില്ല പൊലീസ് മേധാവി, കാഞ്ഞിരപ്പള്ളി എസ്. എച്ച്. ഒ എന്നിവർക്കാണ് സുരക്ഷ ഒരുക്കാൻ നിർദേശം നൽകിയത്. ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റേതാണ് ഇടക്കാല ഉത്തരവ്.

വിദ്യാർഥിനിയുടെ ആത്മഹത്യയെ തുടർന്നുള്ള പ്രതിഷേധത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോളജ് നൽകിയ ഹർജിയിലാണ് കോടതി നടപടി. എതിർ കക്ഷികളായ രാഷ്ട്രീയ - യുവജന സംഘടനകൾക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് അയയ്ക്കാനും കോടതി നിർദേശം നൽകി. അഡ്‌മിഷൻ നടപടികൾക്ക് തടസങ്ങൾ ഉണ്ടാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതിഷേധങ്ങള്‍ കോളജിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു: ഈ മാസം രണ്ടാം തീയതിയാണ് തൃപ്പൂണിത്തുറ സ്വദേശിനി ശ്രദ്ധ കോളജ് ഹോസ്‌റ്റലിൽ മരിച്ചത്. കോളജ് അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം. പ്രതിഷേധങ്ങൾ കോളജിന്‍റെ പ്രവർത്തനത്തെ ബാധിക്കുന്നു.

കൂടാതെ അഡ്‌മിഷൻ നടക്കുന്ന കാലയളവാണ്, കോളജ് സ്‌റ്റാഫുകൾക്ക് ജീവനു ഭീഷണിയുണ്ട്, പ്രതിഷേധം മൂലം കോളജിനുള്ളിലേക്കുള്ള പ്രവേശനമടക്കം തടസപ്പെട്ടു തുടങ്ങിയ വാദങ്ങള്‍ ഉന്നയിച്ചായിരുന്നു ഹർജി. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. കോളജ് ആവശ്യപ്പെടാതെ തന്നെ സംരക്ഷണം നൽകാൻ ബാധ്യതയുണ്ടെന്ന് കോടതി ഓർമിപ്പിച്ചിട്ടുണ്ട്.

അതേസമയം, അന്വേഷണത്തിന്‍റെ ഭാഗമായി ശ്രദ്ധയുടെ മുറിയില്‍ നിന്ന് ലഭിച്ച കത്തിനെക്കുറിച്ച് ജില്ല പൊലീസ് മേധാവി ജി കാര്‍ത്തിക് പ്രതികരിച്ചിരുന്നു. വിദ്യാര്‍ഥിനിയുടെ ഹോസ്‌റ്റല്‍ മുറിയില്‍ നിന്ന് ഒരു കുറിപ്പ് കിട്ടി എന്ന് മാത്രമെ പറഞ്ഞിട്ടുള്ളു. എന്നാല്‍, അത് ആത്മഹത്യക്കുറിപ്പാണോ എന്ന് ഫോറന്‍സിക് പരിശോധനയില്‍ മാത്രമെ വ്യക്തമാകുവെന്ന് ജില്ല പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചെന്ന് പൊലീസ്: വിദ്യാര്‍ഥികള്‍ ഉന്നയിച്ച മുഴുവന്‍ പരാതികളും വിശദമായി പരിശോധിച്ചു വരികയാണ്. കുട്ടികള്‍ക്കെതിരെ നടപടി ഉണ്ടാകില്ല. ഒരു കുട്ടിയെയും പ്രതിയായി കേസെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികളുടെ ഭാവി തകര്‍ക്കുന്ന ഒരു നടപടിയും പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. വിദ്യാര്‍ഥികളും മാനേജ്‌മെന്‍റുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷം വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള കേസ് പൊലീസ് പിന്‍വലിച്ചിരുന്നു.

വിദ്യാര്‍ഥികള്‍ക്കായി പരാതി പരിഹാര സെല്‍: അതേസമയം, സംസ്ഥാനത്തെ സ്വാശ്രയ കോളജുകള്‍ അടക്കം എല്ലാ അഫിലിയേറ്റഡ് കോളജുകളിലും സര്‍വകലാശാല പഠന വിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാര്‍ഥികള്‍ക്കായി പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. പ്രിന്‍സിപ്പാള്‍ അല്ലെങ്കില്‍ വകുപ്പ് മേധാവിയായിരിക്കും സമിതിയുടെ ചെയര്‍മാന്‍. ശ്രദ്ധയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് നടപടി.

ഉത്തരവ് പാലിച്ചില്ലെങ്കില്‍ അഫിലിയേഷന്‍ റദ്ദാക്കുന്ന നടപടികളെടുക്കുമെന്നും മന്ത്രി അറിയിച്ചു. സമിതി അംഗങ്ങളുടെ പേരും ബന്ധപ്പെടേണ്ട നമ്പരും സ്ഥാപനത്തിന്‍റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ഇത് സര്‍വകലാശാലയെ അറിയിക്കുകയും വേണം. പരാതി പരിഹാര സെല്ലിലൂടെ പരാതിയില്‍ എടുക്കുന്ന തീരുമാനങ്ങളും സര്‍വകലാശാലയില്‍ അറിയിക്കേണ്ടതായിട്ടുണ്ട്. ഇതിനായി എല്ലാ സര്‍വകലാശാലകളിലും ഒരു പ്രത്യേക ഓഫിസ് ചുമതല നല്‍കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details