എറണാകുളം: സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്‌ചക്കകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. റോഡുകളുടെ ശോചനീയവാസ്ഥക്കെതിരായ ഹര്‍ജികള്‍ പരിഗണിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റേതാണ് ഉത്തരവ്. ഇന്ത്യയില്‍ മറ്റൊരിടത്തും ഇത്തരം മോശം റോഡുകളില്ലെന്ന് കോടതി നിരീക്ഷിച്ചു.
റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാന്‍ ദേശീയ പാത അതോറിറ്റിക്കും ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ക്കും കോടതി കര്‍ശന നിര്‍ദേശം നല്‍കി. മോശം റോഡുകള്‍ ശ്രദ്ധയില്‍പ്പെട്ടാലുടന്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ല കലക്‌ടര്‍മാര്‍ക്കും കോടതി നിര്‍ദേശം നല്‍കി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന കലക്‌ടര്‍മാര്‍ കാണികളെപ്പോലെ പെരുമാറരുതെന്നും കോടതി പറഞ്ഞു.
നെടുമ്പാശ്ശേരിയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമർശനം. യാത്ര തിരിക്കുന്നയാൾ തിരിച്ചെത്തുമോയെന്ന് പറയാൻ കഴിയാത്ത തരത്തിലുള്ള റോഡുകളാണ് ഇവിടെയുള്ളത്. ആളുകളെ ഇങ്ങനെ മരിക്കാൻ അനുവദിക്കരുത്. സംസ്ഥാനത്ത് നല്ല റോഡുകളിലൂടെ യാത്ര ചെയ്യാൻ എത്ര കാലം കാത്തിരിക്കണമെന്നും കോടതി ചോദിച്ചു.