എറണാകുളം : കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബഞ്ച്. സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ പ്രിയ വർഗീസ് നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഡിവിഷൻ ബഞ്ചിന്‍റെ നടപടി. പ്രിയയുടെ പ്രവൃത്തി പരിചയം മതിയായ യോഗ്യതയായി കണക്കാക്കാം എന്ന് ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചു.
ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവ് :ഫാക്കൽറ്റി ഡവലപ്മെന്‍റ് പ്രോഗ്രാമിന്‍റെ ഭാഗമായുള്ള ഗവേഷണ കാലയളവിനെ അധ്യാപന പരിചയമായി കാണാം. എൻഎസ്എസ് സ്റ്റുഡന്‍റ് ഡയറക്‌ടർ പദവിയും അധ്യാപന പരിചയത്തിന്‍റെ ഭാഗമാണെന്നും പ്രിയാ വർഗ്ഗീസിന് മതിയായ യോഗ്യതയുണ്ടെന്നും ഡിവിഷൻ ബഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടി. റാങ്ക് ലിസ്റ്റ്, പുനഃക്രമീകരണം എന്നിവയുൾപ്പെടെയുള്ള ആവശ്യത്തിന്മേൽ
സർവകലാശാലയുടെ തീരുമാനങ്ങൾക്ക് മുൻതൂക്കം നൽകണം. സർവകലാശാലയുടെ നിലപാട് അറിയാതെ കോടതിക്ക് അന്തിമ തീർപ്പിലേക്കെത്താൻ സാധിക്കില്ലെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
സ്റ്റുഡന്‍റ് ഡയറക്‌ടർ പദവി, ഗവേഷണ കാലയളവ് എന്നിവ അധ്യാപന പരിചയമല്ലെന്നു കണ്ടെത്തുന്നതിന് മുന്നേ, യുജിസി അംഗീകൃത റിസർച്ച് അനുബന്ധ പ്രോഗ്രാമുകൾ ഏതൊക്കെയെന്ന് സിംഗിൾ ബഞ്ച് വിലയിരുത്തണമായിരുന്നു. അക്കാദമിക് ബോഡിയുടെ തീരുമാനങൾ ബന്ധപ്പെട്ട നിയമത്തിന് എതിരെയാകുമ്പോൾ മാത്രമേ കോടതി ഇടപെടൽ നടത്താവൂ എന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. സിംഗിൾ ബഞ്ചിനു മുന്നിൽ കേസ് ഇരിക്കവെ, ജഡ്‌ജിയുടെ പരാമർശങ്ങൾ അടക്കം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത് പ്രിയയുടെ സ്വകാര്യതയുടെ ലംഘനമായി എന്നും ഡിവിഷൻ ബഞ്ച് വിമർശിച്ചു.
യുജിസി ചട്ടപ്രകാരം യോഗ്യതയുണ്ടെന്നും ഇത് സിംഗിൾ ബഞ്ച് പരിശോധിച്ചില്ല എന്നുമായിരുന്നു അപ്പീലിലെ വാദം. യുജിസിയുടെ ഫാക്കൽറ്റി ഡവലപ്മെന്‍റ് പ്രോഗ്രാമിന്‍റെ ഭാഗമായുള്ള ഗവേഷണ കാലയളവും കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്‍റ്സ് സർവീസ് ഡയറക്‌ടർ സേവന കാലയളവും അധ്യാപന പരിചയത്തിൽ കണക്കാക്കാനാവില്ലെന്ന സിംഗിൾ ബഞ്ച് നിരീക്ഷണം വസ്‌തുതകൾ ശരിയായി മനസിലാക്കാതെയുള്ളതാണെന്നും അപ്പീലിൽ പ്രിയ പറഞ്ഞിരുന്നു.
പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുവേണ്ട അധ്യാപന പരിചയം ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് റാങ്ക് ലിസ്റ്റ് പുന:ക്രമീകരിക്കാൻ നവംബർ 16ന് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടതിന് എതിരെയായിരുന്നു അപ്പീൽ. സിംഗിൾ ബഞ്ച് വിധി നിയമപരമല്ല, അധ്യാപന പരിചയത്തെ വിലയിരുത്തുന്നതിൽ സിംഗിൾ ബഞ്ചിന് വീഴ്‌ച പറ്റിയെന്നും പ്രിയ അപ്പീലിൽ വ്യക്തമാക്കി.