എറണാകുളം: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ റാങ്ക് പട്ടിക പുനഃക്രമീകരിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗ്ഗീസിന്‍റെ നിയമന നീക്കത്തിനാണ് ഹൈക്കോടതി വിധി തിരിച്ചടിയായത്. അസോസിയേറ്റ് പ്രൊഫസർ തസ്‌തികയ്ക്കാവശ്യമായ മതിയായ യോഗ്യത പ്രിയ വർഗ്ഗീസിനില്ലെന്ന് കോടതി കണ്ടെത്തി.
അസോസിയേറ്റ് പ്രൊഫസർ നിയമന റാങ്ക് പട്ടിക പുനഃക്രമീകരിക്കാൻ ഉത്തരവിട്ട കോടതി, തുടർ നടപടികൾ പുനഃപരിശോധനയ്ക്ക് ശേഷമേ പാടുള്ളൂവെന്നും നിർദേശിച്ചു. പ്രിയയെ ഒഴിവാക്കി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നാവശ്യപ്പെട്ട് രണ്ടാം റാങ്കുകാരൻ ഡോ. ജോസഫ് സ്‌കറിയ നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്. ഗവേഷണ കാലയളവിനെ അധ്യാപന പരിചയമായി കണക്കാക്കാമെന്ന പ്രിയയുടെ വാദം തള്ളിയ കോടതി യു.ജി.സി മാനദണ്ഡങ്ങൾ മറികടക്കാനാകില്ലെന്ന് ഓർമ്മിപ്പിച്ചു.
രണ്ട് മണിക്കൂറോളം നീണ്ടുനിന്ന വിധി പ്രസ്‌താവനയ്‌ക്കു മുന്നേ തന്നെ ഹർജിക്കാരന്‍റെയും എതിർ കക്ഷികളുടെയും വാദഗതികൾ വിശദമായ ഹൈക്കോടതി വീണ്ടും പരിശോധിച്ചിരുന്നു. യോഗ്യതയും പരിചയ സമ്പത്തും സംബന്ധിച്ച വിലയിരുത്തലുകള അടിസ്ഥാനപ്പെടുത്തിയായിരുന്നു കോടതി വിധി. തന്‍റെ ഗവേഷണ കാലയളവിനെ അധ്യാപന പരിചയമായി കണക്കാക്കിയായിരുന്നു പ്രിയ വർഗ്ഗീസ് 11 വർഷക്കാലയളവ് യോഗ്യതയായി ഉൾക്കൊള്ളിച്ചത്.
എന്നാൽ ഇത് യു.ജി.സി ചട്ടപ്രകാരം അനുവദനീയമല്ലെന്നു വന്നതോടു കൂടി അസോസിയേറ്റ് പ്രൊഫസർ ആകാൻ വേണ്ട എട്ട് വർഷ അധ്യാപന പരിചയം പ്രിയയ്ക്ക് ഇല്ലാതെയായി. മാത്രമല്ല, കണ്ണൂർ സർവകലാശാല ഓർഡിനൻസ് പ്രകാരം എന്‍എസ്എസ് കോർഡിനേറ്റർ പദവിയും സ്റ്റുഡന്‍റ് സർവീസ് ഡയറക്‌ടർ പദവിയും അനധ്യാപക വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. സ്ക്രൂട്ടിനി കമ്മിറ്റി ഇക്കാര്യം പരിശോധിച്ചില്ലെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.