എറണാകുളം: പ്രിയ വർഗീസിന്‍റെ നിയമനത്തിൽ കണ്ണൂർ സർവകലാശാലയ്ക്ക് ഹൈക്കോടതിയുടെ വിമർശനം. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനത്തിനെതിരായ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി കണ്ണൂർ സർവകലാശാലയ്ക്ക് നേരെ വിമർശന സ്വരത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചത്.
അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ലെന്ന് പറഞ്ഞ ഹൈക്കോടതി സ്ക്രീനിങ് കമ്മിറ്റി എങ്ങനെയാണ് യോഗ്യത രേഖകൾ വിലയിരുത്തിയതെന്ന് ചോദിച്ചു. രേഖകൾ സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ചതിനു ശേഷമല്ലേ സെലക്ഷൻ കമ്മിറ്റി നടപടിക്രമങ്ങൾ ആരംഭിക്കുകയുള്ളൂ എന്നും കോടതി ആരാഞ്ഞു.
സർവകലാശാല രജിസ്ട്രാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അതൃപ്‌തി പ്രകടിപ്പിച്ചാണ് കോടതിയുടെ പരാമർശമുണ്ടായത്. അധ്യാപന പരിചയം സംബന്ധിച്ച കാലയളവ് പരിശോധിച്ചതുമായി ബന്ധപ്പെട്ടാണ് സർവകലാശാലയോട് കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്. ഏത് തലത്തിലുള്ള അധ്യാപക നിയമനമാണെങ്കിലും മികവിൽ വിട്ടുവീഴ്‌ച ചെയ്യാനാകില്ല.