എറണാകുളം: മന്ത്രി സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഈ ഘട്ടത്തിൽ അപക്വമെന്ന് ഹൈക്കോടതി. ആവശ്യമെങ്കിൽ പൊലീസ് റഫറൽ റിപ്പോർട്ടിനെതിരെ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ഹർജി അടുത്തയാഴ്‌ച പരിഗണിക്കാനായി കോടതി മാറ്റിവച്ചു.
സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പ്രസംഗം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അപക്വമെന്ന് ഹൈക്കോടതി
അഭിഭാഷകൻ ബൈജു നോയല്‍ മന്ത്രി സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി ഈ ഘട്ടത്തിൽ അപക്വമെന്നു വിലയിരുത്തിയ ഹൈക്കോടതി അടുത്തയാഴ്‌ച ഹര്‍ജി പരിഗണിക്കാനായി മാറ്റിവച്ചു
അഭിഭാഷകൻ ബൈജു നോയലാണ് സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ് അന്വേഷണം പ്രതിയെ രക്ഷിക്കാൻ വേണ്ടി നടത്തിയതാണെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം. കേസ് അവസാനിപ്പിച്ച് പൊലീസ് നൽകിയ റഫർ റിപ്പോർട്ട് റദ്ദാക്കണമെന്നും സിബിഐയ്‌ക്കോ കർണാടക പൊലീസിനോ അന്വേഷണം കൈമാറണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിൽ നിരവധി സാക്ഷികളുണ്ടായിട്ടും അത് കൃത്യമായി രേഖപ്പെടുത്താതെ സജി ചെറിയാനെ സംരക്ഷിക്കാനുള്ള റിപ്പോർട്ടാണ് പൊലീസ് കോടതിയ്ക്ക് കൈമാറിയതെന്നും ഹർജിയിൽ പറയുന്നുണ്ട്. 2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലായിരുന്നു സജി ചെറിയാന്‍റെ വിവാദ പ്രസഗം. പ്രസംഗത്തിന്‍റെ അടിസ്ഥാനത്തിൽ സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.