എറണാകുളം :ജോലി ആവശ്യത്തിനായി അമ്മ വിദേശത്തേക്ക് പോയതിന്റെ പേരിൽ കുട്ടിയുടെ സംരക്ഷണം (Child Custody) നിഷേധിക്കാൻ പാടില്ലെന്ന് ഹൈക്കോടതി (High Court). കുട്ടിയുടെ ക്ഷേമമാണ് പ്രധാനമെന്നും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്ത്താഖ്, സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ, സംരക്ഷണാവകാശം നിലനിർത്താൻ രക്ഷകർത്താക്കൾ നിശ്ചിത സ്ഥലത്ത് താമസിക്കണമെന്ന് അർഥമില്ല.
മികച്ച ജീവിതത്തിനായി മറ്റൊരിടത്തേക്ക് താമസം മാറ്റുന്നത് കുട്ടിയുടെ സംരക്ഷണാവകാശം ഉന്നയിക്കുന്നതിന് തടസമല്ലെന്നാണ് ഹൈക്കോടതി നിരീക്ഷണം. ജോലി ആവശ്യത്തിനായി അമ്മ വിദേശത്തേക്ക് പോയതിന്റെ പേരിൽ കുട്ടിയുടെ സംരക്ഷണം നിഷേധിക്കാൻ പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സംരക്ഷണാവകാശം നിഷേധിച്ച കുടുംബ കോടതി ഉത്തരവിനെതിരെ പത്തനംതിട്ട സ്വദേശിനി നൽകിയ അപ്പീലിലാണ് കോടതി നിരീക്ഷണം.
കുട്ടിയുടെ ആറ് വയസുവരെയുള്ള സംരക്ഷണാവകാശം ഹർജിക്കാരിക്കും പിതാവിന് സന്ദർശനാനുവാദവും നൽകിക്കൊണ്ടുള്ളതായിരുന്നു കേസിലെ കുടുംബകോടതി മുഖാന്തരമുള്ള ഒത്തുതീർപ്പ് വ്യവസ്ഥ. പിന്നീട് ഹർജിക്കാരി ന്യൂസിലൻഡിലേക്ക് പോയ സമയത്ത് കുട്ടിയെയും കൂടെ കൂട്ടാൻ ആവശ്യം ഉന്നയിച്ച് വീണ്ടും കുടുംബ കോടതിയിൽ അപേക്ഷ നൽകി. എന്നാൽ ഈ അപേക്ഷ കുടുംബ കോടതി തള്ളിയതോടെയാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.