എറണാകുളം: വധശ്രമ കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് ജാമ്യത്തിൽ വിടണമെന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്‍റെ ആവശ്യത്തിന്മേല്‍ ഹൈക്കോടതി വെള്ളിയാഴ്‌ച(20.01.2022) വിധി പറയും. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയിലുള്ള രേഖകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് ജസ്റ്റിസ് ബദറുദീൻ നിർദേശം നൽകി. ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞാൽ കയ്യൂക്കുള്ളവർ ദ്വീപിലെ വോട്ടർമാരെ ഭയപ്പെടുത്തുന്ന അവസ്ഥ വരുമെന്നും ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷൻ കോടതിയെ അറിയിച്ചു.
വധശ്രമ കേസ്; ജാമ്യത്തില്‍ വിടണമെന്ന മുഹമ്മദ് ഫൈസലിന്‍റെ അപ്പീലിന്മേല്‍ ഹൈക്കോടതി വിധി വെള്ളിയാഴ്‌ച - എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത
മുന്‍ കേന്ദ്ര മന്ത്രി പി എം സെയിദിന്‍റെ മരുമകനായ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുൻ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ജാമ്യത്തില്‍ വിടണമെന്ന് ചൂണ്ടികാട്ടി സമര്‍പ്പിച്ച അപ്പീലിന്മേല്‍ ഹൈക്കോടതി വെള്ളിയാഴ്‌ച വിധി പറയും
മാരകമായ മുറിവാണ് അക്രമത്തിൽ തനിക്കുണ്ടായതെന്നും ജീവൻ തിരിച്ചു കിട്ടിയത് കൃത്യ സമയത്ത് ചികിത്സ ലഭിച്ചത് കൊണ്ടാണെന്നും കേസിലെ പരാതിക്കാരനായ മുഹമ്മദ് സാലിഹ് കോടതിയിൽ വ്യക്തമാക്കി. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് പ്രവർത്തകനായ സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മുഹമ്മദ് ഫൈസലിന് കവരത്തി സെഷൻസ് കോടതി 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരെയാണ് മുഹമ്മദ് ഫൈസല്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
ശിക്ഷ വിധി റദ്ദാക്കണമെന്ന ആവശ്യത്തിന്മേൽ കോടതി പിന്നീട് വിശദ വാദം കേൾക്കും. കവരത്തി കോടതി ശിക്ഷ വിധിച്ചതിനു പിന്നാലെ മുഹമ്മദ് ഫൈസലിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു.