എറണാകുളം : സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ (Mid Day Meal Scheme) ഫണ്ട് കുടിശ്ശിക വരുത്തിയതിൽ ഹൈക്കോടതി (High Court) ഇടപെടൽ. പ്രധാനാധ്യാപകർക്ക് (School Principals) നൽകാനുള്ള കുടിശ്ശിക തുക എന്ന് കൊടുത്തുതീർക്കുമെന്ന് സർക്കാരിനോട് (Government) ഹൈക്കോടതി ചോദിച്ചു. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി ഫണ്ട് കുടിശ്ശിക വരുത്തിയതില്‍ ഹൈക്കോടതി സർക്കാരിനോട് മറുപടിയും ആവശ്യപ്പെട്ടു (High Court On Mid Day Meal).
പ്രധാനാധ്യാപകർക്ക് നൽകാനുള്ള തുക എന്ന് കൊടുത്തുതീർക്കുമെന്ന് സർക്കാർ അറിയിക്കണം. രേഖാമൂലം മറുപടി നൽകാനാണ് ഹൈക്കോടതിയുടെ നിർദേശം. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ കെ.പിഎസ്‌ടിഎ നൽകിയ ഹർജിയിലാണ് കോടതി നടപടി.
പലിശ ഒടുക്കേണ്ടി വരുമെന്ന് കോടതി : കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വരാൻ കാരണമെന്ന് സർക്കാർ കോടതിയെ വാക്കാൽ അറിയിച്ചിരുന്നു. എന്നാൽ പദ്ധതി നടപ്പാക്കിയതിന്‍റെ ഭാഗമായി പ്രധാനാധ്യാപകർ ഇതിനകം ചെലവാക്കിയ തുക എപ്പോൾ കൊടുത്തുതീർക്കുമെന്നും പദ്ധതി കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകുവാൻ എങ്ങനെ സാധിക്കുമെന്നും അറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. കുടിശ്ശികയ്ക്ക് പലിശ അടക്കം നൽകേണ്ടിവരുമെന്നും കോടതി വാക്കാൽ മുന്നറിയിപ്പ് നൽകി.
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി ഫണ്ട് ക്യത്യമായി നൽകാതെ വന്നതോടെ സ്‌കൂളുകളിലെ പ്രധാനാധ്യാപകർ സ്വന്തം കൈയ്യിൽ നിന്നും പണം എടുക്കേണ്ടി വരികയും പലരും കടക്കെണിയിലാവുകയും ചെയ്‌തിരുന്നു. തുടർന്നാണ് വിഷയത്തിൽ ഇടപെടലാവശ്യപ്പെട്ട് അധ്യാപക സംഘടന ഹൈക്കോടതിയെ സമീപിച്ചത്.
Also Read: Mid Day Meal Fund V Sivankutty Response 'ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധി കേന്ദ്രത്തിന്‍റെ വീഴ്‌ച തന്നെ'; വിമര്‍ശനവുമായി വി ശിവന്‍കുട്ടി
സര്‍ക്കാരിനെ തള്ളി കേന്ദ്രം :ഉച്ചഭക്ഷണ പദ്ധതിക്ക് പണം നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നതിനിടെ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രംഗത്തെത്തിയിരുന്നു. കേന്ദ്രം നിർദേശിച്ച നടപടികൾ സംസ്ഥാനം ചെയ്യാത്തതിനാലാണ് പണം അനുവദിക്കാത്തതെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ കുറ്റപ്പെടുത്തല്‍. ഉച്ചഭക്ഷണ പദ്ധതിയുടെ തുക കൃത്യമായി ലഭിക്കാത്തതുമായി ബന്ധപ്പെട്ട് വർഷങ്ങളായി പ്രതിഷേധം ഉയരുന്നുണ്ടെന്നും കേന്ദ്രത്തിന്‍റേതായി 60 ശതമാനവും സംസ്ഥാനത്തിന്‍റേതായി 40 ശതമാനവും വിഹിതമുള്ള ഈ പദ്ധതിയിൽ കേന്ദ്ര സർക്കാർ കൃത്യമായി പണം നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും ആയിരുന്നു സംസ്ഥാന സർക്കാർ അറിയിച്ചിരുന്നത്.
Also Read: Vidyadhiraja School Mid Day Meal Program Crisis കുട്ടികളെ പട്ടിണിക്കിടില്ല ; വിദ്യാധിരാജ സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് അധ്യാപകർ ഏറ്റെടുക്കും
എന്നാൽ 2021- 22 കാലയളവിൽ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനം നൽകേണ്ടിയിരുന്ന വിഹിതം നൽകാതിരുന്നതാണ് ഇത്തവണ തുക അനുവദിക്കാത്തതിന് കാരണമെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സ്റ്റേറ്റ് നോഡൽ അക്കൗണ്ടിലാണ് സംസ്ഥാനത്തിന്‍റെ വിഹിതമായ 77 കോടി നിക്ഷേപിക്കേണ്ടിയിരുന്നതെന്നും ഇത് നിര്‍വഹിക്കാത്തതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് എട്ടിന് സംസ്ഥാന സർക്കാരിന് കേന്ദ്രം കത്തയച്ചിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു. മാത്രമല്ല ഓഗസ്റ്റ് 31നുള്ളിൽ പലിശത്തുക ഉൾപ്പടെ അടയ്ക്കാനും നിർദേശിച്ചിരുന്നു.