എറണാകുളം : നവകേരള സദസിൽ സ്‌കൂൾ വിദ്യാർഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡിഡിഇയുടെ വിവാദ ഉത്തരവിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി (High court on Malappuram DDE order of participating school kids in Navakerala sadas). കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ല. ഇത്തരത്തിൽ ഉത്തരവിറക്കി ഉദ്യോഗസ്ഥർ ആരെയാണ് സന്തോഷിപ്പിക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശന സ്വരത്തിൽ കുറ്റപ്പെടുത്തി.
ഉദ്യോഗസ്ഥന്‍റെ നടപടി കുട്ടികളുടെ അന്തസിനെ താഴ്ത്തിക്കെട്ടുന്നതാണെന്നും കോടതി വിമർശിച്ചു. മലപ്പുറം ഡിഡിഇയുടെ വിവാദ ഉത്തരവ് ആശ്ചര്യകരമാണ്. എന്നാൽ, വിവാദ ഉത്തരവ് പിൻവലിച്ചതായി സർക്കാർ അറിയിച്ചത് ഹൈക്കോടതി രേഖപ്പെടുത്തിയെങ്കിലും ഉദ്യോഗസ്ഥൻ ഇത്തരമൊരു ഉത്തരവിറക്കിയതിന്‍റെ സാഹചര്യം പരിശോധിക്കണമെന്നുകൂടി നിലപാടെടുത്തു.
ഇക്കാര്യം പരിശോധിക്കുമെന്ന് സർക്കാരും കോടതിയെ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട ഹർജിയിലെ നടപടികൾ കോടതി അവസാനിപ്പിച്ചു. നവകേരള സദസിനായി സ്‌കൂൾ ബസുകൾ വിട്ടുനൽകണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവിനെതിരായ ഹർജിയിലെ നടപടികളും കോടതി അവസാനിപ്പിച്ചു. ഉത്തരവ് പിൻവലിച്ചതായി സർക്കാർ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.