എറണാകുളം: കേരളവർമ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ അപാകതയുണ്ടെന്ന് ഹൈക്കോടതി (High Court on Keralavarma college union election). അസാധു വോട്ടുകൾ മാറ്റി പ്രത്യേകമായി സൂക്ഷിക്കണം എന്നതാണ് ചട്ടം. എന്നാൽ ഈ ചട്ടം ചെയർമാൻ തെരഞ്ഞെടുപ്പിൽ പാലിക്കപ്പെട്ടില്ല. നടപടിക്രമങ്ങൾ പാലിച്ചിരുന്നുവെങ്കിൽ തർക്കം ഉണ്ടാകുമായിരുന്നുവോയെന്നും അസാധു വോട്ടുകൾ എങ്ങനെ റീ കൗണ്ടിങ്ങിൽ വന്നുവെന്നും കോടതി ചോദ്യങ്ങളുന്നയിച്ചു.
ചെയർമാൻ തെരഞ്ഞെടുപ്പിലെ അസൽ ടാബുലേഷൻ രേഖകൾ പരിശോധിക്കവെയാണ് കോടതിയുടെ പരാമർശങ്ങൾ ഉണ്ടായത്. നേരത്തെ ടാബുലേഷന്‍റെ പകർപ്പുകൾ കോടതി പരിശോധിച്ചിരുന്നുവെങ്കിലും വ്യക്തത വരുത്താനായാണ് അസൽ രേഖകൾ കൂടി വീണ്ടും പരിശോധിച്ചത്.
എസ്എഫ്ഐയുടെ ചെയർമാൻ വിജയം ചോദ്യം ചെയ്‌ത് കെഎസ്‌യു സ്ഥാനാർഥി ശ്രീക്കുട്ടൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. റീ കൗണ്ടിങ്ങിൽ അസാധു വോട്ടുകൾ പരിഗണിച്ചുവെന്നും നിലവിലെ ചെയർമാൻ സ്ഥാനാർഥിയുടെ വിജയം റദ്ദ് ചെയ്‌ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം.
Also read:കെഎസ്‌യു പ്രതിഷേധം : വാർത്താസമ്മേളനത്തിനിടെ മന്ത്രി ആർ ബിന്ദുവിനെതിരെ കൊടിയുമായി പാഞ്ഞടുത്ത് പ്രവർത്തകർ
വോട്ടെണ്ണലിൽ ഒരു വോട്ടിന് ജയം, റീ കൗണ്ടിങ്ങിൽ 11 വോട്ടിന് പരാജയം: തന്‍റെ വിജയം അട്ടിമറിയിലൂടെ തടഞ്ഞുവെന്നും മാനദണ്ഡങ്ങൾ ലംഘിച്ച് റീ കൗണ്ടിങ് നടത്തിയെന്നും റീകൗണ്ടിങ് സമയത്ത് വൈദ്യുതി തടസപ്പെട്ടത് ബോധപൂർവമാണ് എന്നും ഹർജിയിൽ ശ്രീക്കുട്ടൻ ചൂണ്ടിക്കാട്ടിയിരുന്നു.
കേരളവർമ കോളജില്‍ 32 വര്‍ഷമായി എസ്എഫ്‌ഐയാണ് യൂണിയൻ ഭരിക്കുന്നത്. ഇത്തവണ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആദ്യം വോട്ടുകള്‍ എണ്ണിയപ്പോള്‍ കെഎസ്‌യു ചെയര്‍മാന്‍ സ്ഥാനാർഥിയായ ശ്രീക്കുട്ടൻ ഒരു വോട്ടിന് ജയിച്ചതായാണ് ഫലം വന്നത്. ഇതിന് പിന്നാലെ എസ്‌എഫ്ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടു. തുടർന്ന് റീ കൗണ്ടിങ് നടത്തുകയും എസ്എഫ്ഐ സ്ഥാനാർഥി 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്‌തു.
ഇത് അട്ടിമറിയാണെന്നും മന്ത്രി ബിന്ദു, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എന്നിവർ ഇതിന് പിന്നിൽ പ്രവർത്തിച്ചു എന്നുമാണ് കെഎസ്‌യു ആരോപിച്ചത്. കേരളവർമ കോളജിലെ തെരഞ്ഞെടുപ്പിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇടപെട്ടുവെന്നാരോപിച്ച് കെഎസ്‌യു മന്ത്രിയുടെ വസതിക്കു മുൻപിൽ അടക്കം വിവിധയിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു.
Also read:മന്ത്രി ബിന്ദുവിനും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനും എതിരെ പരാതിയുമായി കെഎസ്‌യു
എന്നാൽ, കേരളവർമ കോളജ് തെരഞ്ഞെടുപ്പിൽ ഇടപെട്ടു എന്ന് ആരോപിക്കുന്നവർ എങ്ങനെ ഇടപെട്ടു എന്ന് വ്യക്തമാക്കണമെന്നും അത്തരത്തിൽ പരാതി ഉണ്ടെങ്കിൽ അത് അറിയിക്കാൻ മാർഗങ്ങൾ ഉണ്ടെന്നുമായിരുന്നു മന്ത്രി ആർ ബിന്ദുവിന്‍റെ വാദം. കോളജ് തെരഞ്ഞെടുപ്പിൽ ക്രമക്കേട് വന്നാൽ അത് പരിശോധിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകാമെന്നും എന്നാൽ ഇതുവരെയും തനിക്ക് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും അപഹാസ്യമായ പ്രതിഷേധങ്ങളാണ് കെഎസ്‌യു നടത്തുന്നതെന്നും മന്ത്രി അറിയിച്ചിരുന്നു.