കേരളം

kerala

ETV Bharat / state

'സ്വന്തം ജീവൻ ത്യജിച്ചും പൊലീസ് പെൺകുട്ടിയെ രക്ഷിക്കേണ്ടതായിരുന്നു'; സർക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി - ഡോക്‌ടർ വന്ദന കൊല്ലപ്പെട്ട സംഭവം

ഡോക്‌ടർ വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനും പൊലീസിനും എതിരെ ഹൈക്കോടതി. സർക്കാരും പൊലീസും സംഭവത്തെ ന്യായീകരിക്കരുതെന്ന് കോടതി. സംസ്ഥാനത്തെ ആശുപത്രികളിൽ 24 മണിക്കൂറും സുരക്ഷ ഒരുക്കണമെന്ന് നിർദേശം.

high court on dr vandana murder case  dr vandana murder case kottarakkara  dr vandana murder case  vandana murder  vandana murder high court  doctor murder  വനിത ഡോക്‌ടർ കൊല്ലപ്പെട്ടു  വന്ദന കൊലപാതകം  ഡോക്‌ടർ വന്ദന കൊലപാതകം  കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കൊലപാതകം  ഡോക്‌ടറെ കൊലപ്പെടുത്തി  വന്ദന കൊലപാതകത്തിൽ ഹൈക്കോടതി  ഹൈക്കോടതി വന്ദന കൊലപാതകം  ഡോക്‌ടർ വന്ദന കൊല്ലപ്പെട്ട സംഭവം  ഹൈക്കോടതി
വന്ദന കൊലപാതകം

By

Published : May 11, 2023, 1:00 PM IST

Updated : May 11, 2023, 2:05 PM IST

എറണാകുളം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിത ഡോക്‌ടർ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനും പൊലീസിനും വീണ്ടും വിമർശനം. സ്വന്തം ജീവൻ ത്യജിച്ചും പൊലീസ് പെൺകുട്ടിയെ രക്ഷിക്കേണ്ടതായിരുന്നുവെന്ന് കോടതി. സർക്കാരും പൊലീസും സംഭവത്തെ ന്യായീകരിക്കരുതെന്നും കോടതി വ്യക്തമാക്കി.

സൈബർ ആക്രമണങ്ങളെ മുഖവിലക്കെടുക്കുന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഡോക്‌ടർ വന്ദന കൊല്ലപ്പെട്ട സംഭവം ഹൈക്കോടതി പരിഗണിച്ചത്. വിഷയത്തെ അലസമായി കാണാനും ന്യായീകരിക്കാനും സർക്കാർ ശ്രമിക്കരുത്. പൊലീസ് സംവിധാനത്തെയും ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് കുറ്റപ്പെടുത്തി. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഓൺലൈനിൽ ഹാജരായി സംഭവത്തെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.

സംഭവ ദിവസം പുലർച്ചെ ഒരുമണിക്ക് പ്രതി സന്ദീപ് വിളിച്ച ആദ്യ കോൾ മുതൽ വന്ദനയുടെ മരണം വരെയുള്ള കാര്യങ്ങൾ, രേഖാചിത്രങ്ങളും ദൃശ്യങ്ങളും ശബ്‌ദരേഖയും സഹിതമാണ് പൊലീസ് അവതരിപ്പിച്ചത്. സംഭവ സ്ഥലത്ത് ഭയന്ന് നിന്ന് പോയതാണ് വന്ദന ആക്രമണത്തിന് ഇരയാവാൻ കാരണമെന്നായിരുന്നു പൊലീസ് വാദം. എന്നാൽ വസ്‌തുത വസ്‌തുതയായി അവതരിപ്പിക്കണമെന്ന് കോടതി മുന്നറിയിപ്പ് നൽകി. വന്ദന ഭയന്ന് നിന്നപ്പോൾ പൊലീസ് രക്ഷക്കെത്തിയില്ലെന്ന് കോടതി വിമർശിച്ചു.

സ്വന്തം ജീവൻ ത്യജിച്ചുകൊണ്ട് പെൺകുട്ടിയെ രക്ഷിക്കേണ്ടതായിരുന്നു. അക്കാര്യം ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ എന്നും കോടതി എഡിജിപിയോട് പറഞ്ഞു. സംസ്ഥാനത്തെ ആശുപത്രികളിൽ 24 മണിക്കൂറും സുരക്ഷ ഒരുക്കാൻ നിർദ്ദേശിച്ച കോടതി, മജിസ്ട്രേറ്റിന് മുന്നിൽ പ്രതികളെ ഹാജരാക്കുന്ന വേളയിലുള്ള മാനദണ്ഡങ്ങൾ വൈദ്യ പരിശോധന സമയത്തും പാലിക്കണമെന്ന് നിർദേശിച്ചു.

സുരക്ഷക്കായി സംസ്ഥാന ഇൻഡസ്ട്രിയൽ ഫോഴ്‌സിനെ നിയോഗിക്കുമെന്നും ആവശ്യമെങ്കിൽ പണം നൽകി സ്വകാര്യ ആശുപത്രികൾക്കും ഇവരെ ഉപയോഗിക്കാമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. വിഷയത്തെ കോടതി ഗൗരവത്തോടെയാണ് കാണുന്നതെന്നും പിന്നെന്തിനാണ് സമരം നടത്തുന്നതെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനോട് കോടതി ചോദിച്ചു. ആളുകൾ ബുദ്ധിമുട്ടുകയാണ്, ഇക്കാര്യം പരിഗണിക്കണം. വിഷയം കക്ഷികളെ അറിയിക്കാമെന്ന് ഐഎംഎയുടെ അഭിഭാഷകനും വ്യക്തമാക്കി.

ഡോക്‌ടർ വന്ദന കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യം സർക്കാർ അതിവേഗം പരിഗണിക്കാനും കോടതി ഇടക്കാല ഉത്തരവിൽ ചൂണ്ടിക്കാട്ടി. വിഷയം ഹൈക്കോടതി പിന്നീട് വീണ്ടും പരിഗണിക്കും.

അനുശോചനം അറിയിച്ച് മുഖ്യമന്ത്രി: ഡോ. വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡോക്‌ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും എതിരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ആരോഗ്യമന്ത്രി വീണ ജോർജ്, മന്ത്രി വി എൻ വാസവൻ, സ്‌പീക്കർ എ എൻ ഷംസീർ, ഐഎംഎ ഭാരവാഹികൾ എന്നിവർ കിംസ് ആശുപത്രിയിൽ എത്തി.

വന്ദനയ്‌ക്കേറ്റത് 11 കുത്തുകൾ: പൊലീസ് പിടികൂടിയ സന്ദീപ് എന്ന പ്രതിയെ വൈദ്യ പരിശോധനയ്‌ക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇയാളെ കൈവിലങ്ങ് വച്ചില്ലെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വൈദ്യ പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം നടത്തുന്നത്.

ഡോക്‌ടർ വന്ദനയെ ഇയാൾ നിരവധി തവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ഉപയോഗിക്കുന്ന സർജിക്കൽ ഉപകരണം ഉപയോഗിച്ചായിരുന്നു ആക്രമണം. 11 കുത്താണ് വന്ദനയ്‌ക്ക് ഏറ്റത്. ശരീരത്തിൽ ആറ് കുത്തുകളും മൂന്ന് കുത്തുകൾ തലയിലും ഒരു കുത്ത് മുഖത്തും ഒരെണ്ണം ഇടത് കൈയിലുമാണ് ഏറ്റത്. സംഭവത്തിന് ശേഷം പ്രതി സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

Last Updated : May 11, 2023, 2:05 PM IST

ABOUT THE AUTHOR

...view details